Business

മുത്തൂറ്റ് ഫിനാന്‍സ്: 80 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി 1.34 കോടി രൂപ നല്‍കി

മുത്തൂറ്റ് എം. ജോര്‍ജ്ജ് ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് കീഴില്‍ 2017 മുതല്‍ ഏകദേശം 3.4 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് ചിലവഴിച്ച് 394 വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി.

കൊച്ചി: ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കി മിടുക്കരായ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.34 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഇത് എംബിബിഎസ്, എഞ്ചിനീയറിംഗ്, നഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദങ്ങള്‍ ചെയ്യുന്ന ഇന്ത്യയിലുടനീളമുള്ള 80 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായി. കേരളത്തിലെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി 30 മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 48 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളും കമ്പനി പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്‌സിംഗ് പോലുള്ള പ്രൊഫഷണല്‍ ബിരുദങ്ങള്‍ നേടാന്‍ സഹായിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി ആരംഭിച്ച 2017 മുതല്‍ ഇതുവരെ ആകെ 394 വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചു. ഇതിനായി ഏകദേശം 3.4 കോടി രൂപയാണ് ചിലവഴിച്ചത്. ഈ വര്‍ഷം 32 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും 29 ബിടെക് വിദ്യാര്‍ത്ഥികള്‍ക്കും, 19 ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. മികച്ച വിദ്യാഭ്യാസം നേടി തുല്യതയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല പ്രതിബദ്ധതയുടെ തുടര്‍ച്ചയാണിത്. വാര്‍ഷിക കുടുംബവരുമാനം 2 ലക്ഷം രൂപയ്ക്ക് താഴെയായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ പഠന-തൊഴില്‍ മേഖലകളില്‍ ദീര്‍ഘകാല പിന്തുണ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ചടങ്ങിലെ മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കുട്ടിയുടെയും കഴിവുകള്‍ക്ക് പരിമിതി ഉണ്ടാകരുതെന്നും ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലൂടെ കഴിവുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാനും വിജയകരമായ തൊഴില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഈ പദ്ധതി കേവലം ഒരു സിഎസ്ആര്‍ പ്രവര്‍ത്തനം മാത്രമല്ല ഇതൊരു രാഷ്ട്ര നിര്‍മ്മാണ ശ്രമമാണ്. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി യോജിച്ച് മികച്ച വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒരു ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസത്തിന് വ്യക്തികളുടെ ജീവിതത്തെ മാത്രമല്ല മുഴുവന്‍ സമൂഹങ്ങളെയും മാറ്റാന്‍ കഴിവുണ്ടെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ മുത്തൂറ്റ് എം. ജോര്‍ജ്ജ് ഫൗണ്ടേഷന്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടന്നും എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്നത് കൂടുതല്‍ സമഗ്രവും ശക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ കീഴില്‍ ഓരോ എംബിബിഎസ് വിദ്യാര്‍ത്ഥിക്കും 2.4 ലക്ഷം രൂപ വീതം ലഭിക്കും. അതേസമയം ബി.ടെക്, ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം അവരുടെ കോഴ്‌സുകളുടെ 4 വര്‍ഷത്തെ കാലാവധിയില്‍ വിതരണം ചെയ്യും. ചടങ്ങില്‍ മുത്തൂറ്റ് ആഷിയാന ഭവന പദ്ധതിയുടെ കീഴില്‍ എറണാകുളം സ്വദേശിയായ വര്‍ഗീസിനുള്ള ഭവനധനഹായ വിതരണവും റോജി എം ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. 2018ലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആരംഭിച്ച പുനരധിവാസ പദ്ധതിയാണ് ആഷിയാന ഭവന പദ്ധതി. ഈ പദ്ധതി പ്രകാരം കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി 250ലധികം വീടുകള്‍ ഇതിനോടകം നിര്‍മ്മിച്ച് കൈമാറി.