ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കിടയിലും ആപ്പിള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നു.വളരുന്ന വിപണിയും, ഇന്ത്യയുടെ സാധ്യതകളും, ആഗോള ചൈനീസ് വിരുദ്ധതയും കണക്കിലെടുത്താന്‍ യുഎസ് ടെക് ഭീമന്‍മാരാത ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ തെരഞ്ഞെടുത്തത്. കമ്പനിയുടെ ഏറ്റവും വലിയ വിപണി കൂടിയാണ് ഇന്ത്യ. ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുന്നതു വഴി വില കുറയ്ക്കാനും, അതുവഴി വില സെന്‍സിറ്റീവ് ആയ ഇന്ത്യയില്‍ വളരാമെന്നുമായിരുന്നു ആപ്പിളിന്റെ ലക്ഷ്യം. എന്നാല്‍ ആപ്പിളിന്റെ ഉല്‍പ്പാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമം.
മറ്റു രാജ്യങ്ങള്‍ നിര്‍മ്മിച്ച് ഉല്‍പ്പന്നങ്ങള്‍ യുഎസില്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു ട്രംപ് ആപ്പിളിനെ ഭീഷണിപ്പെടുത്തുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി ചുമത്താനാന് യുഎസ് ഭരണകൂടം ആലോചിക്കുന്നത്. ഇക്കാര്യം ട്രംപ് ആപ്പിള്‍ സിഇഒ ടിം കുക്കിനെയും ധരിപ്പിച്ചെന്നാണ് വിവരം. യുഎസില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കണമെന്ന നിലപാടിലാണ് ട്രംപ്.
ഇന്ത്യയെ ഒരു ഐഫോണ്‍ ഹബ്ബായി മാറ്റുകയെന്ന ആപ്പിള്‍ ലക്ഷ്യങ്ങള്‍ക്ക് ട്രംപിന്റെ നടപടികള്‍ വെല്ലുവിളിയാണ്. എന്നാല്‍ ഈ ഭീഷണികള്‍ക്കിടയിലും ആപ്പിള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അമേരിക്കന്‍ വിപണിയിലേക്കുള്ള ഐഫോണുകളുടെ ഒരു പ്രധാന ഭാഗം ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ യുഎസില്‍ വിറ്റഴിച്ച ഐഫോണുകളുടെ ഏകദേശം 50% ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ആപ്പിളിന്റെ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമായി മാറുന്നുവെന്നു സാരം.
അതേസമയം ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ക്ക് മേല്‍പ്പറഞ്ഞ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയാലും യുഎസില്‍ അസ്സംബിള്‍ ചെയ്യുന്ന ഐഫോണുകളേക്കാള്‍ നിര്‍മ്മാണച്ചിലവ് ഏറെ കുറവായിരിക്കും എന്നാണ് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ (GTRI) റിപ്പോര്‍ട്ട്. ഇന്ത്യയിലും അമേരിക്കയിലും ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനുണ്ടാകുന്ന ചിലവിലെ വലിയ അന്തരമാണ് ഇതിന് കാരണം.ട്രംപ് ഭരണകൂടം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയാലും ഇന്ത്യന്‍ മെയ്‌ഡ് ഐഫോണുകളുടെ നിര്‍മ്മാണച്ചിലവ് യുഎസില്‍ അസ്സംബിള്‍ ചെയ്യുന്നവയേക്കാള്‍ കുറവായിരിക്കും. ഇന്ത്യയിലും അമേരിക്കയിലും തൊഴിലാളികളുടെ വേതനത്തില്‍ നിലനില്‍ക്കുന്ന വലിയ അന്തരമാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് 230 യുഎസ് ഡോളര്‍ (ഏകദേശം 20,000 ഇന്ത്യന്‍ രൂപ) ആണ് പ്രതിമാസ വേതനമായി നല്‍കുന്നത്. അതേസമയം കാലിഫോര്‍ണിയ പോലുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ക്ക് 2,900 ഡോളര്‍ (ഏകദേശം രണ്ടര ലക്ഷത്തോളം രൂപ) വേതനം മാസംതോറും നല്‍കണം. അതിശക്തമായ വേതന നിയമങ്ങള്‍ യുഎസ് സ്റ്റേറ്റുകളില്‍ ഉള്ളതാണ് ഇതിന് കാരണം. അതായത്, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ 13 മടങ്ങ് ലേബര്‍ കോസ്റ്റ് അമേരിക്കയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യാനാകും. ഇന്ത്യയില്‍ ഒരു ഐഫോണ്‍ അസ്സംബിള്‍ ചെയ്യണമെങ്കില്‍ 30 യുഎസ് ഡോളറാണ് ചിലവെങ്കില്‍, അമേരിക്കയിലത് 390 ഡോളറാണ് എന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല,ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യ പ്രധാന പേരായി മാറികഴിഞ്ഞു. വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളിലാണ് ഈ മാറ്റം. ഇന്ത്യ എന്ന വിപണി, ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണ എന്നിവയാണ് ഇതിനു കാരണം. 2024 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 22 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.88 ലക്ഷം കോടി) മൂല്യമുള്ള ഐഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 60% കൂടുതലാണ്.കണക്കുകള്‍ വച്ച് നോക്കിയാല്‍ നിലവില്‍ ആഗോളതലത്തില്‍ അഞ്ച് ഐഫോണുകള്‍ വില്‍ക്കുന്നതില്‍ ഒന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുവെന്നാണ്. ഈ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും തമിഴ്നാട്ടിലും, കര്‍ണാടകയിലും സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് നടക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവ് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മ്മാതാക്കള്‍ ഫോക്സ്‌കോണ്‍ ആണ്. ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ഇവര്‍ ഇന്ത്യയില്‍ നിക്ഷേപം തുടരുന്നു. അടുത്തിടെ 1.49 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 12,700 കോടി) ഗണ്യമായ നിക്ഷേപമാണ് കമ്പനി ഇന്ത്യയില്‍ നടത്തിയത്. ഇത് ദീര്‍ഘകാല പ്രതിബദ്ധത കാണിക്കുന്നു.
ആപ്പിള്‍ കമ്പനിയുടെ മുഴുവന്‍ നിര്‍മ്മാണവും അമേരിക്കയിലേക്ക് മാറ്റാന്‍ രണ്ടാംതവണ പ്രസിഡന്‍റായ ശേഷം ഡോണള്‍ഡ് ട്രംപ് ശക്തമായ സമ്മര്‍ദമാണ് ചൊലുത്തുന്നത്. ഇന്ത്യയിൽ അടുത്ത നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്‍റെ തീരുമാനത്തിനെതിരെ ട്രംപ് അടുത്തിടെ രംഗത്തെത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി ആപ്പിള്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം പൂര്‍ണമായും അമേരിക്കയിലേക്ക് മാറ്റിയാല്‍ കമ്പനിയുടെ ലാഭം നിലവിലെ വില അനുസരിച്ച് ഓരോ ഐഫോണിലും 450 ഡോളറില്‍ നിന്ന് 60 ഡോളറായി കുത്തനെ ഇടിയും. ഇതിനെ മറികടക്കാന്‍ ഐഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരാവും. ഇക്കാരണങ്ങളെല്ലാം ഇന്ത്യയെ ഇപ്പോഴും ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും ഉചിതമായ ഇടങ്ങളിലൊന്നാക്കി മാറ്റുന്നു.