സൗത്ത് വർക്കലയിൽ വക്കം കായലിലാണ് പൊന്നുംതുരുത്ത് സ്ഥിതി ചെയ്യുന്നത്. കായലിന് നടുക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിൽ ഒരു
പുരാതന ക്ഷേത്രവും ഉണ്ട്. അഞ്ചേക്കറോളം വിസ്തീർണമുള്ള തുരുത്ത് വൃക്ഷങ്ങളാലും ചെടികളാലും സമൃദ്ധമാണ്.ഒരു ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രമാണ് തുരുത്തിലെ ആത്മീയസങ്കേതം. സമീപപ്രദേശങ്ങളിൽനിന്നൊക്കെയും ഒട്ടേറെ ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട് ഇവിടെ. തുരുത്തിന്റെ ഒരു പാതി സഞ്ചാരികൾക്കായി മാറ്റി വച്ചതാണ്.
തുരുത്തിലെത്തുന്നവർക്ക് അൽപനേരം പ്രകൃതിയുടെ ശുദ്ധസൗന്ദര്യത്തിലലിഞ്ഞ് ഇരിക്കാനും പച്ചപ്പിന്റെ മടിയിൽ വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. ഒരു എയർ കണ്ടീഷണറിനും നൽകാനാവാത്ത സുഖശീതളമായ ഈ അന്തരീക്ഷം.
നാടൻ കടൽ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകളും റിസോർട്ടുകളും തൊട്ടടുത്തുതന്നെയുണ്ട്.
സൗത്ത് വർക്കലയിലെ ഈ തുരുത്തും കായലും ഇന്ന് കയാക്കിങ്ങിന് അന്താരാഷ്ട്ര പ്രശസ്തി ആർജ്ജിച്ചു വരുന്നു. ഇത്തരം വൈവിധ്യങ്ങളാണ് തിരുവനന്തപുരം മെട്രോപൊളിറ്റന്റെ പ്രത്യേകത.