നെടുമങ്ങാട് പുല്ലമ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപമുള്ള വീടുകൾ അപകട ഭീഷണിയിലാണെന്ന പരാതി ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുക്കണം. പരാതിക്കാരൻ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്കും നോട്ടീസ് നൽകണം. ക്വാറിയിലെ സ്ഫോടനം കാരണമാണോ വീടിന് വിള്ളൽ സംഭവിച്ചതെന്ന ആരോപണം വിശദമായി പരിശോധിക്കണം. പരിശോധനാ റിപ്പോർട്ട് 6 ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ക്വാറിക്ക് പ്രവർത്തിക്കാൻ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ അനുമതിലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നീനു ക്രഷർ എന്ന ക്വാറിക്കെതിരെ വെഞ്ഞാറമൂട് മുക്കുടിൽ സ്വദേശി ഡോ. എസ്. അനസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ക്വാറിയുടെ 150 മീറ്റർ മാറിയാണ് പരാതിക്കാരൻ താമസിക്കുന്നതെന്നും വീടിന്റെ ചുമരുകളിൽ വിള്ളലുകളുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ക്വാറിയിലെ സ്ഫോടനം കാരണമാണോ സമീപത്തെ വീടുകളിൽ വിള്ളൽ സംഭവിച്ചത് എന്നറിയാൻ ക്വാറി ഉടമയുടെ ചെലവിൽ ഏതെങ്കിലും സർക്കാർ അംഗീകൃത ഏജൻസിയെ കൊണ്ട് ബ്ലാസ്റ്റിംഗ് ആന്റ് വൈബ്രേഷൻ ടെസ്റ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്വാറി ഉടമയ്ക്ക് ജിയോളജിസ്റ്റ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.
CONTENT HIGH LIGHTS;The Deputy Collector in charge of the Pullampara quarry disaster management should be investigated: Human Rights Commission