Kerala

കാലവര്‍ഷം നേരത്തെ എത്തി: ദുരന്തങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് ദുരന്ത നിവാരണ അതോറിട്ടി

സംസ്ഥാനത്ത് മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്‍ണ സജ്ജം. കാലവര്‍ഷത്തെ വളരെയധികം ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തില്‍ ഒരു ഡിസാസ്റ്റര്‍ പ്ലാന്‍ ഇത്തവണ തയ്യാറാക്കുന്നുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ മുന്‍ കരുതലുകളും ഒരുക്കിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. ഇത്തവണ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് തവണയെങ്കിലും യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്തും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണ്.

മുന്‍കരുതലുകള്‍ എടുക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിനാല്‍ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു. കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളില്‍ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അത്തരം മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ജനങ്ങളില്‍ അനാവശ്യ ഭീതി പടര്‍ത്തുന്ന തരത്തില്‍ 2018ലേത് അടക്കമുള്ള മുന്‍ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം (ആകെ 100 സെന്റിമീറ്റര്‍) ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

  • കാലവര്‍ഷം നേരത്തെ എത്തി

സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് (മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും എട്ട് ദിവസം മുന്‍പേ ആണ് കാലവര്‍ഷം എത്തിയത്. 2009ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ് ഇത്തവണത്തേത്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്‌നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മെയ് 27ഓടെ മധ്യപടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും സാധ്യത കാണുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

CONTENT HIGH LIGHTS;Monsoon arrives early: Government ready to deal with disasters; Disaster Management Authority warns against ignoring warnings