ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കൃഷിയിടങ്ങളിൽ കാണപ്പെടുന്ന ഒരു പാഴ്‌ച്ചെടിയാണ് കാട്ടുകടുക് . കേരളത്തിൽ ഇതിനെ നായ്ക്കടുക് ,അരിവാള ,ആടുനാറിവേള തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു. ആയുർവേദത്തിൽ അമിതവണ്ണം ,ഉദരകൃമി ,വ്രണം ,ദഹനക്കേട് ,രുചിയില്ലായ്‌മ ,വയറിളക്കം, വയറുവേദന ,ചുമ ,ആസ്മ ,മലബന്ധം ,വാതരോഗങ്ങൾ,നടുവേദന ,മുട്ടുവേദന ,ചെവിവേദന ,അപസ്‌മാരം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാട്ടുകടുക് ഔഷധമായി ഉപയോഗിക്കുന്നു .ഇല നീരിന് വയറുവേദന ശമിപ്പിക്കാനുള്ള കഴിവുണ്ട് .വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതരോഗങ്ങൾക്ക് ഉത്തമമാണ് .
കാട്ടുകടുകിന്റെ ഇല അരച്ച് പുറമെ പുരട്ടുന്നത് മുട്ടുവേദന , തലവേദന ,നടുവേദന ,വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീര് ,വേദന എന്നിവയ്ക്ക് ഫലപ്രദമാണ് . കാട്ടുകടുകിന്റെ ഇലയുടെ നീര് 2 -3 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, ചെവിപഴുപ്പ് എന്നിവ മാറിക്കിട്ടും .ഇല എള്ളെണ്ണയിൽ കാച്ചി ചെവിയിൽ ഒഴിക്കുന്നതും ചെവിവേദനയ്ക്കും ചെവിപഴുപ്പിനും നല്ലതാണ് .കാട്ടുകടുക് സമൂലം ഇട്ടു വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത് തലവേദന ,കൊടിഞ്ഞി തലവേദന എന്നിവ മാറാൻ നല്ലതാണ് .