നെറ്റവര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക സേവന ദാതാക്കളായ ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (TCS) പുതിയ ഓര്‍ഡര്‍ നല്‍കി ബിഎസ്എന്‍എല്‍.2,903 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡറാണ് (എപിഒ) ബിഎസ്‌എൻഎൽ ടിസിഎസിന് നൽകിയത്. ഈ തുക ഉപയോഗിച്ച് ടിസിഎസ്, ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്കായുള്ള 4ജി ഇന്‍റര്‍നെറ്റ് സംവിധാനം തയ്യാറാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസുമായുള്ള ഈ പങ്കാളിത്തം രാജ്യത്തുടനീളം 4ജി മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള ബിഎസ്എൻഎല്ലിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്.
. ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി സ്വപ്‌നങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ടാറ്റ കമ്പനികളായ ടിസിഎസും, തേജസ് നെറ്റ്‌വര്‍ക്കുമാണ്. നിലവിലെ കരാര്‍ 18,685 സൈറ്റുകളിലെ ബിഎസ്എന്‍എല്‍ 4ജി മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ പ്ലാനിംഗ്, എന്‍ജിനീയറിംഗ്, വിതരണം, ഇന്‍സ്റ്റാളേഷന്‍, ടെസ്റ്റിംഗ്, കമ്മീഷന്‍ ചെയ്യല്‍, വാര്‍ഷിക അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ടതാണ്.
രാജ്യത്തെ ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് റോള്‍ഔട്ടിന് കൂടുതല്‍ ഊര്‍ജം പകരും പുതിയ കരാര്‍ എന്ന കാര്യത്തില്‍ തര്‍ക്കമിയ്യ. 1 ലക്ഷം 4ജി സൈറ്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് ബിഎസ്എന്‍എല്‍ അടുക്കുകയാണ്. ചെറിയ അപ്ഗ്രഡേഷനിലൂടെ 5ജിയിലേയ്ക്ക് ഉയര്‍ത്താവുന്ന തരത്തിലാണ് പൊതുമേഖല സ്ഥാപനത്തിനായി ടാറ്റ 4ജി തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചറിന് അടിത്തറ പാകുന്നതിനൊപ്പം, ഇന്ത്യയിലുടനീളം ഡാറ്റാ സെന്ററുകളും 4ജി സൈറ്റുകളും സ്ഥാപിക്കുന്നതും ഉള്‍പ്പെടുന്ന 15,000 കോടി രൂപയുടെ കരാറില്‍ ടിസിഎസ് ഇതിനകം ബിഎസ്എന്‍എല്ലിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ തേജസ് നെറ്റ്വര്‍ക്ക്‌സ് ആണ് ബിഎസ്എന്‍എല്ലിന്റെ 4ജി പ്രോജക്ടിനായി സാധനങ്ങളും, സേവനങ്ങളും വിതരണം ചെയ്യുന്നത്. ടിസിഎസില്‍ നിന്നാണ് തേജസ് വര്‍ക്ക് ഓര്‍ഡര്‍ നേടിയിരിക്കുന്നത്. തേജസില്‍ നിന്ന് ടിസിഎസിലേക്കുള്ള റേഡിയോ ആക്സസ് നെറ്റ്വര്‍ക്കിനും, അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള വിതരണത്തിന്റെ പ്രതീക്ഷിക്കുന്ന മൂല്യം നികുതികള്‍ ഒഴികെ ഏകദേശം 1,525.53 കോടി രൂപയാണെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.