യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യന്‍ മണ്ണിലേക്ക് കടന്ന് കയറി ഭീകരപ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാന് ആഗോള സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സദസുകളില്‍ പങ്കെടുക്കാന്‍ പോലും അര്‍ഹതയില്ലെന്ന് ഇന്ത്യ പറഞ്ഞു.
സാധാരണക്കാരുടെ പേരില്‍ ഭീകരരെയാണ് പാകിസ്ഥാന്‍ സംരക്ഷിക്കുന്നത് എന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി.ഹരീഷ് തുറന്നടിച്ചു.
പൗരന്‍മാരെ സംരക്ഷിക്കാനാണ് ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതെന്ന പാക് ആരോപണത്തിന് ഇരട്ടമുഖമുള്ള നിലപാട് എന്നാണ് മറുപടിയായി ഇന്ത്യ തുറന്നടിച്ചത്. യുഎന്‍ തന്നെ ലിസ്റ്റ് ചെയ്ത ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥര്‍ പങ്കെടുത്തത് ദൃശ്യങ്ങള്‍ സഹിതം ഇന്ത്യ ചൂണ്ടിക്കാട്ടി.
സാധാരണക്കാരെ സംരക്ഷിക്കാനെന്ന പേരില്‍ ഭീകരരെ സംരക്ഷിക്കുന്ന പാക് സൈന്യത്തിന്റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായെന്ന് ഇന്ത്യ.
അതിര്‍ത്തിക്കിപ്പുറം ഇന്ത്യന്‍ മണ്ണിലേക്ക് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരും വിവിധ സുരക്ഷാ സേനാംഗങ്ങളും അടക്കം ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടെന്നും എണ്‍പതിലധികം പേര്‍ക്ക് പരിക്കേറ്റെന്നും ഇന്ത്യ യുഎന്‍ രക്ഷാ സുരക്ഷാ സമിതിയെ അറിയിച്ചു.
മുംബൈ ഭീകരാക്രമണം മുതല്‍ പഹല്‍ഗാം വരെ സാധാരണക്കാരെ ഉന്നമിട്ട് നടന്ന എല്ലാ ഭീകരാക്രമണങ്ങളിലും പാക് പങ്ക് തെളിഞ്ഞതാണെന്ന് ഇന്ത്യ വ്യക്തമാക്കി. അംബാസിഡര്‍ അസിം ഇഫ്തിഖര്‍ അഹമ്മദാണ് ചര്‍ച്ചയില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിച്ചത്.