സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവർഷം നേരത്തെ എത്തി. മഴക്കെടുതിയിൽ 3 പേർ മരിച്ചു. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം അതീവ ജാഗ്രത പാലിക്കേണ്ടതായി മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. വിവിധ ജില്ലകളിലായി നിരവധി അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറത്ത് കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കപ്പറമ്പ് മേത്തല പടന്ന സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോഴിക്കോട് അഴിയൂരില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് കരിയാട് സ്വദേശി രതീഷ് മരിച്ചു. കണ്ണൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ജാര്‍ഖണ്ഡില്‍നിന്നുള്ള തൊഴിലാളി ബിയാസ് മരിച്ചു. വേറെയും ഒരാളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈന്‍ വീണതും മരങ്ങള്‍ കടപുഴകി വീണതുമാണ് പല ഭാഗങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടത്.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.