കോഴക്കോട്: വാലില്ലാപുഴയിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് കുഞ്ഞിന് പരിക്കേറ്റു. വാലില്ലാപുഴ ഒളിപാറമ്മൽ അജിയുടെയും അലീനയുടെയും മകൾ അൻഹക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് തോട്ടുമുക്കത്തും വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. തകർന്ന ഭിത്തി തൊട്ടടുത്ത വീട്ടിലേക്ക് വീണു. തോട്ടുമുക്കം പുൽപറയിൽ ജോബിയുടെ വീട്ടിലേക്കാണ് സംരക്ഷണ ഭിത്തി തകർന്നുവീണത്.
കോഴിക്കോട് കുണ്ടായത്തോട് റോഡിനോട് ചേർന്നുള്ള തോട്ടിൽ 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയിൽ തോട്ടിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.