തിരുവനന്തപുരം: പിണറായി സർക്കാരിനെതിരായുള്ള വികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 101% വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നും പി വി അൻവറിനെ പൂർണമായി യുഡിഎഫിനൊപ്പം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
9 വർഷം എംഎൽഎ ആയിരുന്ന ആളാണ്. ആ കരുത്ത് അൻവറിന് ഉണ്ട്. അത് തെരഞ്ഞെടുപ്പിൽ കരുത്തുപകരും. ഇപ്പോൾ അസോസിയേറ്റ് അംഗമാണ് അൻവറിന്റെ പാർട്ടിയെന്നും കെ മുരളീധരൻ വ്യക്തമാക്കി. തൃണമൂലിന്‍റെ ദേശീയ തലത്തിലുള്ള ചില നിലപാടാണ് യുഡിഎഫിൽ എടുക്കുന്നതിനുള്ള പ്രധാന തടസ്സം. അന്‍വറിന്‍റെ മുന്നണി പ്രവേശത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് മുന്‍തൂക്കം നേടാന്‍ യുഡിഎഫ് ശ്രമം തുടങ്ങി. സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് നിലമ്പൂരിലും തുടരാനാണ് യുഡിഎഫ് നീക്കം.