Kerala

‘പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും’;പി വി അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂരിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പിവി അൻവർ. ജൂണ്‍ 23ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കും. കുടുംബാധിപത്യ രാഷ്ട്രീയമാണ് ഇവിടെ. മരുമകന്‍ മന്ത്രിയായി വന്നിട്ട് നിലമ്പൂരില്‍ എന്ത് ചെയ്തു എന്നും അന്‍വര്‍ ചോദിച്ചു. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആന്റി പിണറായിസത്തിന്റെ വോട്ട് വന്ന് വീഴുന്നത് കാണാമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെയും കേരളത്തിലെ ജനങ്ങള്‍ക്കും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മൂന്നാമതും പിണറായി വരുമെന്ന നരേഷന്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കുമിത്. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണിത്. ഏത് പ്രശ്‌നമാണ് ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. പാലം, റോഡ്, എയര്‍പോര്‍ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്’, അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്‍കിയ സമരമാണ് ആശ സമരമെന്നും അവരിപ്പോഴും റോഡിലൂടെ തെണ്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ 100 രൂപ കൂട്ടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.

‘കുടുംബാധിപത്യ രാഷ്ട്രീയമാണ് ഇവിടെ. പാര്‍ട്ടിയെയും ഭരണകൂടത്തെയും ഒരു മരുമകന്റെ കാല്‍ ചുവട്ടിലാക്കിയ സര്‍ക്കാര്‍ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടോ. ജനങ്ങള്‍ ഇത് കാണുന്നുണ്ട്. സഖാക്കള്‍ കാണുന്നുണ്ട്. അവരിലാണ് വിശ്വാസം. സിപിഐഎമ്മിന്റെ ആത്മവിശ്വാസം അവരെ രക്ഷിക്കട്ടെ. സര്‍ക്കാര്‍ നിലമ്പൂരില്‍ എന്ത് ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ മരുമകന്‍ മന്ത്രിയായി വന്നിട്ട് നിലമ്പൂരില്‍ എന്ത് ചെയ്തു’, അന്‍വര്‍ ചോദിച്ചു.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ പി അനില്‍കുമാറിന് നല്‍കിയിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്.

 

Latest News