Recipe

ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചികരമായ നാലുമണി പലഹാരം

ചൂട് ചായയ്‌ക്കൊപ്പം കഴിക്കാൻ ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചികരമായ നാലുമണി പലഹാരം ഉണ്ടാക്കിയാലോ. എന്നാൽ ഇതാ നൊടി ഇടനേരം കൊണ്ടുതന്നെ നമുക്ക് വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചുകൊണ്ട് ഒരു സിമ്പിൾ പലഹാരം ഉണ്ടാക്കാം.

ചേരുവകൾ

ഗോതമ്പ് പൊടി – ഒന്നര കപ്പ്‌
ഉടച്ചെടുത്ത പഴം – അര കപ്പ്‌
ശർക്കര ഉരുക്കിയത് – ഒരു കപ്പ്‌
നാളികേരം കൊത്തിയെടുത്തത് – 3 ടേബിൾ സ്പൂൺ
ഏലക്കായ പൊടിച്ചത് – അര ടീസ്പൂൺ
ബേക്കിങ് സോഡ – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
വെള്ളം – കാൽ കപ്പ്‌
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഒരു ബൗളിൽ ഒട്ടും കട്ടയില്ലാതെ യോജിപ്പിച്ച് എടുക്കുക. ഒരു പാനിൽ എണ്ണ മിതമായി ചൂടായി വരുമ്പോൾ സ്പൂൺ ഉപയോഗിച്ച് കുറേശ്ശേ മാവെടുത്ത് എണ്ണയിലേക്ക് ഒഴിക്കുക. ഗോൾഡൻ കളർ ആവുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം. നല്ല ചൂട് ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കാം.