കൊച്ചി: അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകൾ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താൻ സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കണ്ടെയ്നറുകൾ തീരത്തടിഞ്ഞാൽ തൊടരുതെന്നും അടുത്ത് പോകരുതെന്നും മുന്നറിയിപ്പ് നൽകി. തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കണമെന്ന് നിർദേസം നൽകിയിട്ടുണ്ട്.
എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കണ്ടെയ്നറുകൾ എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൂടുതൽ ആലപ്പുഴ തീരത്താണ്. കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനം നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങിയതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണിട്ടുണ്ട്. എണ്ണപ്പാട തീരത്തേക്ക് വരാതിരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ശേഖർ കുര്യാക്കോസ് പറഞ്ഞു.
റാപ്പിഡ് റെസ്പോൺസ് ടീം എല്ലാ ജില്ലകളിലും തയ്യാറാണ്. മത്സ്യബന്ധന തൊഴിലാളികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കണം. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.