നിലമ്പൂരില്‍ ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ട ചൂടിലേക്ക് കടക്കുന്നു. നിലമ്പൂരില്‍ നിന്നും ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയിട്ടാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കണക്കാക്കുന്നത്. അക്കാരണത്താല്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആയിരിക്കും നിലമ്പൂരിലേത്. സിറ്റിംഗ് എംഎല്‍എ സ്ഥാനം രാജിവെച്ച് പുറത്തേക്ക് പോയ പി വി അന്‍വര്‍ തന്നെയാണ് ഈ മത്സരത്തില്‍ എല്‍ഡിഎഫിന്റെ പ്രധാന എതിരാളി. അന്‍വര്‍ മത്സരിക്കില്ലെങ്കിലും എല്‍ഡിഎഫിന് പ്രത്യേകിച്ചും സിപിഎമ്മിനുണ്ടായ ക്ഷീണം അന്‍വര്‍ നല്‍കിയതായിരുന്നു. അതിനാല്‍ അന്‍വറിനെ ലക്ഷ്യവെച്ചു തന്നെയാണ് ഇടതുമുന്നണി മുന്നോട്ട് പോവുക. തിരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റു വാങ്ങിയാല്‍ യുഡിഎഫിനും കോണ്‍ഗ്രസിനും മാത്രമല്ല ക്ഷീണം. മറിച്ച് പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് വ്യക്തമാണ്. വിജയം യുഡിഎഫിനും അന്‍വറിനുമാണെങ്കില്‍ പല കാര്യങ്ങളിലും ഉത്തരം പറയേണ്ട ബാധ്യ സര്‍ക്കാരിനും പ്രത്യേകിച്ച് സിപിഎമ്മിനും വന്നു ചേരും.
യുഡിഎഫിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് പി.വി. അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യടന്‍ ഷൗക്കത്തിന്റെ പേരാണ് മുന്‍പന്തിയില്‍ ഉള്ളത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പേരും സജീവമായി രംഗത്തുണ്ട്. 2016 നഷ്ടപ്പെട്ട മണ്ഡലം 2026 ല്‍ തിരിച്ചു പിടിക്കുന്ന ദൗത്യം ആര്യടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടന്നുവരികയായിരുന്നു. അതിനിടയില്‍ ആയിരുന്നു എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. യുഡിഎഫുമായി അടുത്ത അന്‍വര്‍ ഉപതിരഞ്ഞെടുപ്പിനായി കോടതിയില്‍ വരെ പോകുമെന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസ് അന്‍വറിനെ കൈവിടാതെ കൂടെ നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു വരികയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് കണ്ണൂരിലാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറവൂരിലും ആണ്. ഇന്നുതന്നെ പ്രഖ്യാപിക്കണമെന്ന് തീരുമാനത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടു പോകുന്നു.
നിലമ്പൂര്‍ മണ്ഡലത്തില്‍ തങ്ങളുടെ സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി പ്രസ്റ്റീജിയസ് പോരാട്ടം തന്നെ എല്‍ഡിഎഫിന് കാഴ്ചവെക്കേണ്ടിവരും. സിപിഎമ്മും അതുപോലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിപ്രായവ്യത്യാസത്തിന് തുടര്‍ന്നാണ് പി വി അന്‍വര്‍ മുന്നണി വിട്ടും എംഎല്‍എ സ്ഥാനം രാജിവച്ച് പുറത്തേക്ക് പോയതും. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി മാറും. രണ്ടുതവണ അന്‍വറിലൂടെ നിലനിര്‍ത്തിയ മണ്ഡലം ഈ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കുക എന്നുള്ളത് വലിയ കടമ്പയായി മാറും. നിലവിലെ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് അന്‍വര്‍ രാജിവച്ചു പോയത്, കാരണത്താല്‍ മണ്ഡലം തിരികെ പിടിച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനുള്ള തന്ത്രങ്ങളാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളുക.
1986 ആര്യാടന്‍ മുഹമ്മദിലൂടെ നിലമ്പൂര്‍ സീറ്റ് പിടിച്ച യുഡിഎഫ് 2016 വരെ നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രനായി 2016 ടി വി അന്‍വര്‍ എത്തിയതോടെയാണ് യുഡിഎഫിന് മണ്ഡലം കൈവിടേണ്ടി വന്നത്. 2021ലും തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ച പിവി അന്‍വര്‍ സീറ്റ് നിലനിര്‍ത്തുകയായിരുന്നു.
രാജ്യത്തെ അഞ്ചു മണ്ഡലങ്ങൾക്കൊപ്പം നിലമ്പൂരും
നിലമ്പൂര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച ആയിരിക്കും. 23നാണ് വോട്ടെണ്ണല്‍ നടക്കുക. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തേ വിജ്ഞാപനം ഇറക്കിയിരുന്നു. എട്ടിടത്തും അന്തിമ വോട്ടര്‍പട്ടികയും തയാറായിരിക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ എട്ടിടത്തും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചിടത്തു മാത്രമാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കശ്മീരിലെ നഗ്രോട്ട, ബുദ്ഗാം, മണിപ്പുരിലെ തദുബി എന്നീ മണ്ഡലങ്ങളായിരുന്നു ബാക്കിയുള്ളവ.
വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പി.വി. അന്‍വര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജൂണ്‍ 23ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കുമെന്ന് പി വി അന്‍വര്‍ . നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആന്റി പിണറായിസത്തിന്റെ വോട്ട് വന്ന് വീഴുന്നത് കാണാമെന്നും അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിലമ്പൂരിലെയും കേരളത്തിലെ ജനങ്ങള്‍ക്കും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും പിണറായി വരുമെന്ന നരേഷന്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കുമിത്. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും.
യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രണ്ട് പേരിലേക്ക് ചുരുക്കിയത് മാധ്യമങ്ങളാണെന്നും കൂടുതല്‍ പേരുകള്‍ പരിഗണനയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘നേതാക്കള്‍ തമ്മില്‍ കൂടിയാലോചനക്കുശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. എഐസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്യണം. യുഡിഎഫിന് വലിയ ആത്മവിശ്വാസമുണ്ട്. പി വി അന്‍വര്‍ കൂടെയുള്ളത് ഗുണകരമാകും’, സണ്ണി ജോസഫ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും മുന്നണിയുടെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് വന്‍ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ് പി വി അന്‍വറിന്റേത് എന്നും എംവി ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. നാല് വര്‍ഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എല്‍ഡിഎഫ് ഏത് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. എം. സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന് സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തല്‍. സിപിഎം സ്വതന്ത്രനെ മത്സരിപ്പിച്ച് അന്‍വറിന് തക്കതായ മറുപടി നല്‍കാനുള്ള ശക്തമായ നീക്കവും സിപിഎം ആസൂത്രണം ചെയ്യുന്നുണ്ട്.
നിയമസഭയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി ബാക്കിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു നേരത്തേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരള നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി.അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ നേരത്തേ പറഞ്ഞിരുന്നു.