ലോകജനതയെ ആവേശിക്കുകയും വിസ്മയിപ്പിക്കുകയുംചെയ്യുന്ന ഫുട്‌ബോൾ എന്ന ‘ബ്യൂട്ടിഫുൾ ഗെയി’മിനായി ഒരു ദിനം, ഇന്ന് ലോക ഫുട്ബോൾ ദിനം..എല്ലാ വർഷവും മെയ് 25 ന് ലോക ഫുട്ബോൾ ദിനം ആഘോഷിക്കുന്നു.
ലോകം എക്കാലവും ഒരേ മനസോടെ പിന്തുണച്ച ചുരുക്കം ചില സംഭവ വികാസങ്ങളെ ആധുനിക കാലത്ത് ഉണ്ടായിട്ടുള്ളൂ. ആയുധം താഴെവച്ച് കളിക്കളത്തിലെ വിസിലിന് കാതോർത്തവരുടെ ചരിത്രമുള്ള, ഭാഷയുടെ, ദേശത്തിന്റെ, വർണത്തിന്റെ, സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ ഒരുമിപ്പിച്ചവരുടെ പാരമ്പര്യമുള്ള ഫുട്‍ബോളിന് മാത്രം അവകാശപ്പെട്ടതാണ് ആ വിശേഷണം.
1924 മെയ് 25 ന് പാരീസിൽ നടന്ന വേനൽക്കാല ഒളിമ്പിക് ഗെയിംസിനിടെ നടന്ന ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്‍റിന്‍റെ 100-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മെയ് 7നാണ് യുഎന്‍ മെയ് 25ന് ലോക ഫുട്‌ബോള്‍ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്.
പരസ്പര ധാരണ, സഹിഷ്ണുത, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഫുട്‌ബോള്‍ ഒരു ഇടം നൽകുന്നു. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും കളിക്കളത്തിലും പുറത്തും ശാക്തീകരിക്കുന്നതിനൊപ്പം, ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു സുപ്രധാന വേദിയായി ഫുട്ബോൾ പ്രവർത്തിക്കുന്നു.
1937-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ബിബിസി) ആണ് ഫുട്ബോൾ കളി ആദ്യമായി തത്സമയം സംപ്രേഷണം ചെയ്തത്. ലണ്ടൻ ആസ്ഥാനമായുള്ള ആഴ്‌സനലിന്‍റെ പ്രധാന ടീമും റിസർവ് ടീമും തമ്മിലുള്ള സന്നാഹ മത്സരമായിരുന്നു ആദ്യത്തെ ടെലിവിഷൻ മത്സരം. എല്ലാ വർഷവും 30-ലധികം ടീമുകൾ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, 1930-ലെ ഫിഫ ഉദ്ഘാടന ലോകകപ്പിന് ശേഷം എട്ട് ടീമുകൾ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ.
ലോകമെമ്പാടുമുള്ള 80 ശതമാനം ഫുട്ബോളുകളും പാകിസ്ഥാനിലാണ് നിർമ്മിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോൾ 1.8 സെക്കൻഡിലാണ് പിറന്നത്. ഏറ്റവും പ്രധാനവും ആരാധകര്‍ കാത്തിരിക്കുന്ന മത്സരം ലോകകപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ലോകകപ്പ് മാമാങ്കം സംഘടിപ്പിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ്, കോപ അമേരിക്ക, ഇംഗീഷ് പ്രീമിയര്‍ ലീഗ് (ഇപിഎല്‍), ഏഷ്യന്‍ കപ്പ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങി നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ വിവിധ സമയങ്ങളിലും ഇടങ്ങളിലുമായി നടക്കുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ കായിക ഇനമാണ് ഫുട്‍ബോൾ എന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. കാരണം ലോകത്ത് ഏകദേശം 250 ദശലക്ഷം ആളുകൾ ഫുട്ബോൾ കളിക്കുന്നുണ്ടെന്നും, അവരിൽ തന്നെ 120 ദശലക്ഷം പേർ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരാണെന്നും ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. ആഗോള തലത്തിൽ രജിസ്‌റ്റർ ചെയ്‌ത ക്ലബ്ബുകളുടെ എണ്ണം 300,000 ആണ്. മറ്റ് ടീമുകൾ ഏതാണ്ട് 1.5 ദശലക്ഷത്തോളവും വരും.
എന്നാൽ കേവലമായ കണക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന ഒന്നല്ല ഫുട്‍ബോളിന്റെ സ്ഥാനം. മൂന്നാം ലോക രാജ്യങ്ങളിൽ പോലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫുട്‍ബോൾ ജനകീയമായി തുടങ്ങി. ദാരിദ്ര്യം നിറഞ്ഞാടുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും, ഏഷ്യയിലെ കുഞ്ഞൻ രാജ്യങ്ങളിലും ഫുട്‍ബോൾ സ്ഥാനം നേടി. വികസിത, അവികസിത രാജ്യമെന്ന ഭേദമില്ലാതെ ഫുട്‍ബോളിനെ നോക്കി കാണാൻ ലോകം പഠിച്ചതിന്റെ ഫലമായാണ് ലോകകപ്പ് ഫുട്‍ബോളിലെ കുഞ്ഞൻ രാജ്യങ്ങളുടെ അട്ടിമറി ജയങ്ങൾ.
ഇന്ന് മറ്റൊരു ഫുട്‍ബോൾ ദിനം കൂടി കടന്നു പോവുമ്പോൾ നാം ഓർക്കേണ്ട പ്രതിഭകൾ നിരവധിയാണ്. പെലെയും, മറഡോണയും, ക്രൈഫും, ബെക്കൻബോവറും, യൂസേബിയോയും, ഗാരിഞ്ചയും ഉൾപ്പെടെ പേരെടുത്ത് പറഞ്ഞാൽ തീരാത്ത അത്രയും പ്രതിഭകൾ അടക്കി വാണിരുന്ന കളിക്കളങ്ങൾ ഇന്നും ആരധകർക്ക് ആവേശത്തിന്റെ ഇടങ്ങളാണ്.
ദേശീയ, സാംസ്‌കാരിക, സാമൂഹിക-സാമ്പത്തിക അതിരുകൾക്കപ്പുറം എല്ലാ പ്രായത്തിലുമുള്ള ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഫൂട്ബോളിന്റേത്.രാജ്യത്തിന്‍റേയും വര്‍ണത്തിന്‍റേയും വംശീയതയുടേയും സമ്പത്തിന്‍റേയും അതിരുകള്‍ മറന്ന് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഒന്നിക്കുന്നത് ഫുട്‌ബോള്‍ ആവേശത്തിലാണ്