ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം ശനിയാഴ്ച ഈ വിവരം പങ്കുവെച്ചു. ‘ആഗോള സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമായി തുടരുന്നു, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് നമ്മൾ’ നീതി ആയോഗിൻ്റെ 10-ാമത് ഭരണസമിതി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മൾ 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു
നിലവിൽ യു.എസ്, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അടുത്ത 2.5-3 വർഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ന്ത്യയുടെ സ്ഥിരതയുള്ള സാമ്പത്തിക നയങ്ങളും, പ്ലാനിങ്ങുമാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമായത്.
ഐ.എം.എഫിന്റെ 2025 ഏപ്രിൽ മാസത്തെ വേൾഡ് ഇക്കണോമിക് ഔട്ലുക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജി.ഡി.പി 4.187 ട്രില്യൺ ഡോളറായി മാറി. ഇത് ജപ്പാന്റെ 4.186 ട്രില്യൺ ഡോളർ എന്ന എസ്റ്റിമേറ്റഡ് ജി.ഡി.പിയേക്കാൾ കൂടുതലാണ്.
ആഭ്യന്തര തലത്തിലുണ്ടായ ശക്തമായ ഡിമാൻഡ്, അനുകൂലമായ ഡെമോഗ്രാഫിക് ട്രെൻഡ്, നയങ്ങളുടെ പരിഷ്ക്കരണം തുടങ്ങിയവയെല്ലാം ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് വളമായി മാറി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ വാർഷികാടിസ്ഥാനത്തിൽ 6-7% വളർച്ചയാണ് നേടുന്നത്. അതേ സമയം ജപ്പാന്റെ സമ്പദ് വ്യവസ്ഥ, ആഗോള വ്യാപാര യുദ്ധം, നയങ്ങളിലെ മാറ്റം എന്നിവ സംബന്ധിച്ച് വെല്ലുവിളി നേരിടുകയാണ്.
ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയതോടെ ആഗോള തലത്തിൽ ഇതിന്റെ അനുരണനങ്ങൾ ദൃശ്യമാകും. ജി 20, ഐ.എം.എഫ് അടക്കമുള്ള ഫോറങ്ങളിൽ കൂടുതൽ സ്വാധീനം ഇന്ത്യക്ക് ലഭിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) വർധിക്കും. ഇന്റർനാഷണൽ കമ്പനികൾ ഇന്ത്യയെ ആകർഷകമായ വിപണിയായി നോക്കിക്കാണും. ഇത് നിക്ഷേപങ്ങൾ പ്രവഹിക്കുന്നതിന് കാരണമാകും.
ചാന്ദ്രയാൻ -5 അടക്കമുള്ളവയിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം, സൈനിക സഹകരണം എന്നിവ മെച്ചപ്പെടുന്നത് ഇന്തോ-പസഫിക് മേഖലയിൽ സ്ഥിരത കൈവരാൻ സഹായിക്കും. ആഗോള തലത്തിൽ സാമ്പത്തിക രംഗത്തെ ലീഡർഷിപ് പൊസിഷനിലേക്ക് ഇന്ത്യ ഒരു പടി കൂടി അടുത്തു എന്നതാണ് നേട്ടം.
അതിവേഗം സമ്പദ് വ്യവസ്ഥ വളരുമ്പോൾ സാധാരണ ജനങ്ങൾക്കും അതിന്റെ നേട്ടം ലഭിക്കും. തൊഴിലവസരങ്ങളിലെ ഉയർച്ച, ജീവിത നിലവാരത്തിലെ വർധന, ഉപഭോക്താക്കളുടെ വർധിക്കുന്ന പവർ എന്നിവ നേട്ടങ്ങളായി മാറും. അതേ സമയം സമ്പത്തിന്റെ വിതരണത്തിലെ അസമത്വം, പണപ്പെരുപ്പം എന്നീ വെല്ലുവിളികളെ സർക്കാർ നേരിടേണ്ടതുമുണ്ട്.