പച്ചക്കറികളും സസ്യങ്ങളും ഫ്രഷായി സൂക്ഷിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചൂട് കൂടുമ്പോൾ പച്ചക്കറികൾ പെട്ടെന്ന് കേടാവുന്നു. മാസങ്ങളോളം വെളുത്തുള്ളി കേടുവരാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. ഈ രീതിയിൽ ചെയ്തു നോക്കൂ. വെളുത്തുള്ളി കേടുവരുകയേ ഇല്ല.
ചൂട് സമയങ്ങളിൽ വെളുത്തുള്ളി കേടുവരാതിരിക്കാൻ, ഇവ തൊലി കളഞ്ഞ് വിനാഗിരിയിൽ ഇട്ടുവെച്ചാൽ മതി. ഇത് വെളുത്തുള്ളിയുടെ ഫ്രഷ്‌നെസ് നിലനിർത്തുന്നതിനൊപ്പം കൂടുതൽ സ്വാദും നൽകുന്നു. ഒരു പാത്രത്തിൽ നിറയെ വിനാഗിരി എടുത്തതിന് ശേഷം അതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി ഇട്ടുകൊടുക്കാം. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
വെളുത്തുള്ളി പേസ്റ്റ്
വെളുത്തുള്ളി മൊത്തമായി സൂക്ഷിക്കുന്നതിനേക്കാളും പേസ്റ്റ് രൂപത്തിലാക്കി ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതാണ് കുറച്ചുകൂടെ നല്ലത്. എണ്ണ ചേർത്ത് നന്നായി വെളുത്തുള്ളി അരച്ചതിന് ശേഷം പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ മാസങ്ങളോളം വെളുത്തുള്ളി കേടുവരാതിരിക്കും.
മൺകലത്തിൽ സൂക്ഷിക്കാം
പരമ്പരാഗതമായ രീതിയിൽ മൺകലത്തിലും വെളുത്തുള്ളി സൂക്ഷിക്കാവുന്നതാണ്. ഇത് പഴയ രീതികൾ ആണെങ്കിലും മൺകലത്തിൽ സൂക്ഷിച്ചാൽ നല്ല വായു സഞ്ചാരവും ഈർപ്പത്തെ നിയന്ത്രിക്കുകയും വെളുത്തുള്ളി കേടുവരാതിരിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി കലത്തിൽ ഇട്ടതിന് ശേഷം ചെറിയ രീതിയിൽ കെട്ടിവയ്ക്കണം. തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
വെളുത്തുള്ളി പൊടി
വെളുത്തുള്ളി പൊടിച്ചും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. വെളുത്തുള്ളി മുറിച്ചതിന് ശേഷം ചെറുതായി ചൂടാക്കണം. നന്നായി ഡ്രൈ ആയതിന് ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. ശേഷം ഇത് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കണം. ഇത് എത്ര ദിവസം വേണമെങ്കിലും കേടുവരാതിരിക്കും. എപ്പോൾ വേണമെങ്കിലും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു.