പല പ്രശ്നങ്ങളെയും ഒറ്റച്ചവിട്ട് കൊടുത്തു മാറ്റിയാലോ? ആരോഗ്യകരമായ ആ ചവിട്ട് ഏതാണ് ? സൈക്ലിങ് എന്ന വട്ടത്തിൽ ചവിട്ടി നീളത്തിൽ പോകുന്ന വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ കൂടുതൽ അറിയാം.
മാനസികാരോഗ്യം
ഏകമായ ചലനത്തിലൂടെ ശരീരത്തെയും മനസ്സിനെയും സൈക്ലിങ് സ്ഥിരതയുള്ളതാക്കുന്നു. മാനസിക സമ്മർദം, വിഷാദം തുടങ്ങിയവ കുറയ്ക്കുന്നു. വിവിധ റൂട്ടുകളിലൂടെ സൈക്കിൾ ചവിട്ടുന്നത് മാനസിക ഉല്ലാസവും നൽകുന്നു. ആത്മവിശ്വാസം വർധിപ്പിക്കാനും സാധിക്കും. നിർദിഷ്ട സമയത്തിനുള്ളിൽ ഉദ്ദേശിച്ച ദൂരം താണ്ടാവുന്ന അവസ്ഥയിലേക്കുള്ള സൈക്ലറുടെ വളർച്ച അയാളുടെ ആത്മവിശ്വാസവും വർധിപ്പിക്കും. ജോലിയിലും പഠനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗുണം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സൈക്ലിങ് സഹായിക്കും.
ശരീര ഘടന
ശരീര ഘടന മികച്ചതാക്കി നിർത്താൻ സൈക്ലിങ് സഹായിക്കുന്നു. സൈക്ലിങ് നടത്തുമ്പോൾ ശരീരത്തിന്റെ പോസ്ചർ ശരിയായി നിൽക്കുന്നു. നട്ടെല്ലിന് അടക്കം ഈ വ്യായാമം പ്രയോജനം നൽകുന്നു.
ഹൃദയം
ധമനികളിൽ കൊഴുപ്പ് അടിയുന്നത് അടക്കം ഹൃദയാഘാതത്തിന് വഴിയൊരുക്കുന്ന എല്ലാ ഘടകങ്ങളും സൈക്ലിങ് വഴി ഇല്ലാതാകും. സ്ഥിരമായ സൈക്ലിങ് ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഏറ്റവും മികച്ച കാർഡിയോ വ്യായാമങ്ങളിൽ ഒന്നാണു സൈക്ലിങ്. കൊഴുപ്പ് ഏറ്റവും നന്നായി അലിയിച്ച് കളയുന്ന വ്യായാമവും സൈക്ലിങ് തന്നെ.
ശ്വാസകോശം
സൈക്ലിങ് വഴി ശ്വസനം മികച്ചതാകും. ഇതു ശ്വാസകോശത്തിന്റെ ആരോഗ്യവും വർധിപ്പിക്കുന്നു.
മസിലുകൾ
മാംസപേശികളുടെ ദൃഢത വർധിപ്പിക്കുന്നു. കാലിലെ മസിലുകൾ, കോർ മസിലുകൾ എന്നിവയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് സൈക്ലിങ്.
സന്ധികൾ
കൃത്യമായ ചലനങ്ങൾ വഴി സന്ധികൾക്ക് മികച്ച വ്യായാമം സൈക്ലിങ് നൽകുന്നു. സന്ധികൾക്കുണ്ടാകുന്ന അർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു. ശരീരത്തിന്റെ മുഴുവൻ ഭാരവും മറ്റ് വ്യായാമങ്ങളിലെ പോലെ കാലിലേക്ക് നൽകാത്തതിനാൽ കാലിനും കണങ്കാലിനും ചെറിയ പ്രശ്നങ്ങൾ ഉള്ളവർക്കും സൈക്ലിങ് അനുയോജ്യമായ വ്യായാമമാണ്.
വയർ
വണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സൈക്ലിങ് അനുയോജ്യമാണ്. വയർ ചാടുന്നതും കുറയ്ക്കാം.