നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേതൃത്വം നല്‍കുന്ന കിക്ക് ഡ്രഗ്‌സ് , സേ യെസ് ടു സ്‌പോര്‍ട്‌സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ മെയ് 26 ന് നിശ്ചയിച്ചിരുന്ന സംസ്ഥാന തല സമാപന പരിപാടികള്‍ മാറ്റിവെച്ചു. പ്രചാരണ യാത്രയുടെ പെരിന്തല്‍മണ്ണയിലെ സ്വീകരണ പരിപാടിയും തിരൂരില്‍ നിശ്ചയിച്ച സംസ്ഥാന തല സമാപന ചടങ്ങുമാണ് മാറ്റിവെച്ചത്. മലപ്പുറം ജില്ലയിലെ മാറ്റിവെച്ച പരിപാടികള്‍ അന്താരാഷ്ട ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് നടത്താനും തീരുമാനിച്ചു.
പ്രചാരണ യാത്രയുടെ 13 ജില്ലകളിലെ പ്രയാണം വന്‍ വിജയമാക്കിയ മുഴുവന്‍ ജനങ്ങള്‍ക്കും മന്ത്രി വി അബ്ദുറഹിമാന്‍ നന്ദി പറഞ്ഞു. മെയ് 5 ന് കാസര്‍ക്കോട് നിന്നാരംഭിച്ച യാത്ര മെയ് 24 ന് തൃശൂരിലെ പര്യടനത്തിന് ശേഷമാണ് മലപ്പുറത്തേക്ക് പ്രവേശിക്കേണ്ടിയിരുന്നത്. 13 ജില്ലകളിലും ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. കളിക്കാം കരുത്തു നേടാം, അതിലൂടെ ലഹരിയെന്ന വിപത്തിനെ ചെറുക്കാമെന്ന യാത്രയുടെ സന്ദേശം കേരള സമൂഹം ഒന്നാകെ നെഞ്ചേറ്റിയതായി മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പ്രചാരണ പരിപാടികള്‍ കായികവകുപ്പ് ഒരു തുടര്‍പ്രവര്‍ത്തനമായി നിര്‍വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ആവശ്യമുണ്ട്. ജൂണ്‍ 26 ന്റെ സമാപന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.