ഒമാൻ: സലാലയിൽ മാൻഹോളിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മലയാളി നേഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കാഞ്ഞിരപ്പാറ സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്.മെയ് 13നു സലാലയിലെ മസ്യൂനയിൽ വച്ചാണ് അപകടമുണ്ടായത്.
താമസിക്കുന്ന സ്ഥലത്തു നിന്നു മാലിന്യം കളയാൻ മുൻസിപ്പാലിറ്റിയുടെ വേസ്റ്ര് ബിന്നിനു അരികിലേക്ക് പോകുമ്പോൾ അബദ്ധത്തിൽ മാൻഹോളിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അന്ന് മുതൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്നു ലക്ഷ്മി.വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും സഹോദരൻ അനൂപും സലാലയിൽ എത്തിയിരുന്നു. നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മകൾ: നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിന്റേയും ഓമനയുടേയും മകളാണ്.