സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജില്ലാ കളക്ടർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് ചേർന്നത്. കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് നിർബന്ധമായും സ്കൂൾ അധികൃതർ വാങ്ങണം. ഫിറ്റ്‌നസ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.
സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകൾ കുട്ടികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നരീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചു വെക്കേണ്ടതാണ്. സ്‌കൂളിന് മുന്നിലുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്യേണ്ടതാണ്. വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. സ്‌കൂളിലും പരിസരത്തും അപകടകരമായ നിലയിൽ മരങ്ങളോ, മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്‌കൂളിലേയ്ക്കുള്ള വഴി, സ്‌കൂൾപരിസരം എന്നിവിടങ്ങളിൽ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്‌ഫോർമറുകൾ മുതലായ അപകടകരമായി കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഉപയോഗശൂന്യമായ ഫർണീച്ചർ, മറ്റു ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിലേക്ക് മാറ്റുകയോ ചെയ്യേണ്ടതാണ്.
സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
സ്‌കൂൾ തുറക്കുന്നദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽക്കണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അതത് സ്‌കൂളുകൾ സൗകര്യം ഒരുക്കേണ്ടതാണ്. റോഡിനിരുവശവും കൃത്യമായ ഇടവേളകളിൽ സ്പീഡ് ബ്രേക്കറുകൾ ഹംബുകൾ ഉണ്ടെന്നുള്ള കാര്യം പോലീസ് ഉറപ്പു വരുത്തണം. റെയിൽ ക്രോസ്സിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ.എ.എസ്. വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.