കൊല്ലം: കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള ഒരു കണ്ടെയ്നർ കൊല്ലത്ത് അടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. കടൽഭിത്തിയിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കണ്ടെയ്നറിന്റെ ഒരുവശം തുറന്ന നിലയിലാണ്. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും. സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം.
കപ്പലിലെ കണ്ടെയ്നറുകൾ കൂടുതൽ ഇടങ്ങളിൽ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.