മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് ഇന്നറിയാം. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം. നിലമ്പൂരിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ആര്യാടൻ ഷൗക്കത്ത്. സാമുദായിക പരിഗണനവെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്.
ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെ പേരാണ് പരിഗണനയിലുള്ള മറ്റൊരാൾ. ഒറ്റ പേരായിരിക്കും കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് നൽകുക. ഇന്ന് കൊച്ചിയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും.
അതേസമയം നിലമ്പൂരിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഎം ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. പൊതു സ്വതന്ത്രനെന്ന പരിഗണനക്ക് തന്നെയാണ് നിലവിൽ മുൻതൂക്കം. ആര്യാടൻ മുഹമ്മദിനെതിരെ രണ്ടുതവണ മത്സരിച്ച പ്രൊഫസർ തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യൂ ഷറഫലി എന്നിവരടക്കമുള്ള പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് കൂടി കണക്കിലെടുത്താകും തീരുമാനം.