തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. അപകടനില തരണം ചെയ്‌തിട്ടില്ല എന്നാണ് ഡോക്ടർസ് പറയുന്നത്. ഇന്നലെ രാവിലെ പതിനന്നരയോടെ ആണ് പൂജപ്പുര ജയിലിൽ അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അതേസമയം, അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. ജയിൽ സൂപ്രണ്ട് ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.