കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. ചെറിയ അഴീക്കലിലും കൊല്ലം ചവറ പരിമണത്തുമായി മൂന്നെണ്ണവും ശക്തികുളങ്ങര മദാമത്തോപ്പിൽ ഒരെണ്ണവുമാണ് കരയ്ക്കടിഞ്ഞത്. കടൽ ഭിത്തിയിലിടിച്ച് തുറന്ന നിലയിലായിരുന്നു ഇവ. പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്.
സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 60 മീറ്റർ അകലം പാലിക്കണമെന്നാണ് നിർദേശം. പരിശോധനകൾ നടത്തിയ ശേഷമാകും കണ്ടെയ്നർ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക.
കണ്ടെയ്നറുകള്‍ കണ്ടാൽ അറിയിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. എംഎസ്എസി എൽസ -3 എന്ന കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 ൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.