മാനന്തവാടി: മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകൾക്കായി തെരച്ചിൽ തുടരുന്നു. വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലവസ്ഥ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. ഒമ്പതു വയസ്സുള്ള മകളെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്.
പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ്. വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ആശങ്ക ജനകമാണ്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.