World

അയാള്‍ നിരപരാധികളെ കൊല്ലുകയാണ്, അയാള്‍ക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട്; പുതിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് -Trump says Putin has gone crazy

യുക്രൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിന് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. അയാള്‍ നിരപരാധികളെ കൊല്ലുകയാണെന്നും യുക്രൈനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ റഷ്യയുടെ വലിയ നാശത്തിന് അത് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.

യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനെതിരെ ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ‘അയാള്‍ നിരപരാധികളെ കൊല്ലുകയാണ്. പുതിന് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. അയാളെ ഏറെക്കാലമായി എനിക്കറിയാം. പക്ഷെ നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് നിരപരാധികളെ കൊന്നുകൊണ്ടിരിക്കുകയാണ്. പുതിൻ ചെയ്യുന്നത് എനിക്ക് തീരെ പിടിക്കുന്നില്ല. അയാള്‍ ആളുകളെ കൊന്നൊടുക്കുകയാണ്. അയാള്‍ക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട്.’ ട്രംപ് പറഞ്ഞു.

റഷ്യ യുക്രൈനിലേക്ക് 367 ഡ്രോണുകളാണ് പ്രയോഗിച്ചത്. ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ഈ റഷ്യന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് കീവിലും മറ്റ് നഗരങ്ങളിലും ഉണ്ടായത്.

STORY HIGHLIGHT: Trump says Putin has gone crazy