ഏപ്രിൽ മാസത്തെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ഹ്യുണ്ടായിയേയും ടാറ്റയേയും പിന്തള്ളി രണ്ടാമത് എത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എസ് യു വി കളുടെ കരുത്തിലാണ് മഹീന്ദ്രയുടെ ഈ നേട്ടം. ഒന്നാം സ്ഥാനം എപ്പോഴത്തെയും പോലെ മാരുതി തന്നെ കയ്യടക്കിയിരിക്കുകയാണ്. 138704 യൂണിറ്റുകളാണ് ഏപ്രിൽ മാസത്തിലെ മാരുതിയുടെ വിൽപന, 2024 ഏപ്രിലിൽ 137952 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാരുതിയുടെ വിൽപനയിൽ നേരിയ വർധനവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്.
ഏപ്രിലിൽ മഹീന്ദ്ര 52330 യൂണിറ്റുകളാണ് രാജ്യത്താകമാനമുള്ള ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചിരിക്കുന്നത്. 2024 ഏപ്രിലിൽ 41008 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.61 ശതമാനം വളർച്ച നേടാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. എസ് യു വികളാണ് മഹീന്ദ്രയെ രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ രണ്ടാമതെത്താൻ സഹായിച്ചത്. ബൊലേറോ, ബൊലേറോ നിയോ, എക്സ് യു വി 3XO, ഥാർ, ഥാർ റോക്സ്, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ എൻ, എക്സ് യു വി 700 എന്നീ വാഹനങ്ങളാണ് എസ് യു വി സെഗ്‌മെന്റിൽ മാറ്റുരക്കുന്നത്. ഇത് കൂടാതെ ഇവി നിരയിൽ എക്സ് യു വി 400, ബി ഇ 6, എക്സ് ഇ വി 9 ഇ തുടങ്ങിയ വാഹനങ്ങളുമുണ്ട്.
2024 ഏപ്രിലിൽ ടാറ്റ വിറ്റത് 47883 യൂണിറ്റ് വാഹനങ്ങളാണ്. ഈ വർഷം ഏപ്രിലിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5.60 ശതമാനം കുറവിൽ 45199 യൂണിറ്റാണ് വിറ്റിരിക്കുന്നത്. ടിയാഗോ, അൾട്രോസ്, ടിഗോർ, പഞ്ച്, നെക്‌സോൺ, കർവ്, ഹാരിയർ, സഫാരി എന്നീ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ കൂടാതെ, ഇലക്ട്രിക് കാറുകളായ ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവയുമാണ് ടാറ്റയുടെ വാഹന നിരയിൽ ഉള്ളത്.
വാർഷികാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 11.61 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്ക്ക്. 2024 ഏപ്രിലിൽ 50201 യൂണിറ്റ് വാഹനങ്ങൾ വിറ്റപ്പോൾ ഈ വർഷമത് 44374 യൂണിറ്റാണ്. ഗ്രാൻഡ് ഐ 10 നിയോസ്, ഐ 20, ഓറ, വെർണ, എക്സ്റ്റർ, വെന്യു, ക്രെറ്റ, ക്രെറ്റ ഇലക്ട്രിക്, അൽക്കസാർ, ട്യുസോൺ, അയോണിക് 5 എന്നിവയാണ് ഹ്യുണ്ടേയ് ഇന്ത്യൻ നിരത്തിലെത്തിക്കുന്നത്.