കൊച്ചിയിൽ മറിഞ്ഞ കപ്പലിലെ കണ്ടെയ്‌നറുകൾ ഒഴുകിനടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ നടപടികളും വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചു ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കാൽഷ്യം കാർബൈഡ് എന്ന, വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന അസെറ്റിലിൻ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളലുണ്ടാക്കുന്ന തരത്തിലുള്ള വസ്തുവുംചില കണ്ടെയ്നറുകളിൽ ഉണ്ട്. ഇവ അടങ്ങിയിരുന്ന കണ്ടെയ്നറുകളാണോ കൊല്ലം തീരങ്ങളിൽ അടിഞ്ഞത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. ഈ സാഹചര്യങ്ങളിൽ അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് സംശയിക്കുന്നവയിൽ ഒരു കാരണവശാലും തൊടരുത് എന്ന് വീണ്ടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അപ്പോൾത്തന്നെ 112ൽ വിളിക്കാനും മുന്നറിയിപ്പുണ്ട്.
കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73 കാലി കണ്ടെയ്നറുകൾ ആണ്. 13 എണ്ണത്തിൽ ചില അപകടകരമായ വസ്തുക്കൾ ആണ്. മലിനീകരണം തടയുന്നതിനുവേണ്ടി കോസ്റ്റ്ഗാർഡിന്റെ വിക്രം, സക്ഷം, സമർഥ് കപ്പലുകൾ രംഗത്തുണ്ട്. കൂടാതെ കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും വ്യോമനിരീക്ഷണം നടത്തി എണ്ണ വ്യാപനം നിരീക്ഷിക്കുന്നുണ്ട്. എണ്ണപ്പാട പടരാം എന്നതിനാൽ കേരള തീരത്ത് പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നറുകളുമായി വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ ചെരിഞ്ഞത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു.
STORY HIGHLIGHT: kerala coast oil spill emergency meeting
















