കൊച്ചി: പ്രകൃതിയോടിണങ്ങിയുള്ള ആഡംബര ടൂറിസം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച സന്താരി റിസോര്‍ട്‌സ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രമുഖ ധനകാര്യ, ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ആണ് സന്താരി റിസോര്‍ട്‌സ്. ലോകമെമ്പാടും സുസ്ഥിര ജീവിതരീതികളും പരിസ്ഥിതിസൗഹൃദ വ്യവസായങ്ങളും തേടി ഭാവിയില്‍ ആളുകള്‍ വരുമെന്ന് കാല്‍നൂറ്റാണ്ട് മുന്‍പേ നടത്തിയ ദീര്‍ഘദര്‍ശിത്വമാണ് സന്താരി റിസോര്‍ട്‌സിനെ വ്യത്യസ്തമാക്കിയത്. പ്രകൃതിയോടിണങ്ങിയുള്ള യാത്രകള്‍ക്ക് ആഡംബരസ്വഭാവമുണ്ടാവുകയില്ലെന്ന പൊതുധാരണ പൊളിച്ചെഴുതിയത് സന്താരി റിസോര്‍ട്‌സ് ആണ്. ആഡംബരഹോട്ടലുകള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്ന തെറ്റിദ്ധാരണ മാറ്റാനും സന്താരി റിസോര്‍ട്‌സിന് കഴിഞ്ഞു. കടലും കായലും മലനിരകളും ഉള്‍പ്പെടെ, കേരളത്തിന്റെ എല്ലാ പരിസ്ഥിതി വൈവിധ്യങ്ങളെയും ടൂറിസവുമായി കൂട്ടിയിണക്കിയാണ് പ്രാരംഭകാലം മുതല്‍ സന്താരി റിസോര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിന്റെ പ്രാദേശിക, ഭൗമ വൈവിധ്യങ്ങള്‍ മുഴുവന്‍ ആവിഷ്‌കരിച്ചിട്ടുള്ള മൂന്ന് വ്യത്യസ്ത റിസോര്‍ട്ടുകളാണ് സന്താരിക്കുള്ളത്. തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്‍ഡമം കൗണ്ടി ബൈ സന്താരി, മധ്യകേരളത്തില്‍ വേമ്പനാട് കായലിനരികെ സഞ്ചാരികളെ കാത്തിരിക്കുന്ന ഹൗസ്‌ബോട്ട് സന്താരി റിവര്‍സ്‌കേപ്‌സ്, മാരാരിക്കുളത്തെ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന സന്താരി പേള്‍ ബീച്ച് റിസോര്‍ട്ട് എന്നിവയാണ് അവ.
കേരളത്തില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുള്ള ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ട് തുടങ്ങിയത് സന്താരിയാണ്. കൂടാതെ സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പഗ് (പ്രാക്ടീസസ് അണ്ടര്‍ ഗൈഡ്‌ലൈന്‍സ്) സര്‍ട്ടിഫിക്കേഷനും അര്‍ഹത നേടി. റ്റോഫ്‌ടൈഗര്‍സ് എന്ന അന്താരാഷ്ട സ്ഥാപനമാണ് ഈ അംഗീകാരം നല്‍കുന്നത്.
കേരളത്തിന് പുറമെ കോസ്റ്റ റിക്കയില്‍ 40 ഏക്കര്‍ വിശാലമായ സന്താരി റിസോര്‍ട്ട് ആന്‍ഡ് സ്പായും പ്രവര്‍ത്തിക്കുന്നുണ്ട്. സുസ്ഥിര വിനോദസഞ്ചാരത്തിന് നല്‍കുന്ന ഉന്നതതല സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനമാണിത്. ഗുണനിലവാരത്തിലും സേവനമികവിലും ഇതേ മാനദണ്ഡങ്ങള്‍ തന്നെയാണ് കേരളത്തിലെ റിസോര്‍ട്ടുകളിലും സാന്താരി അവതരിപ്പിച്ചിട്ടുള്ളത്.
വ്യത്യസ്തമായ ആശയങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഒത്തുകൂടുന്ന ഇടങ്ങളായിട്ടാണ് സന്താരി റിസോര്‍ട്ടുകളെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക്, കേരളത്തിലെ പ്രാദേശിക ജനവിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള അവസരവും ഒരുക്കിനല്‍കുന്നു. കാഴ്ചകള്‍ കണ്ടുനടക്കുന്നതിനപ്പുറം, സാംസ്‌കാരിക, പാരമ്പര്യങ്ങള്‍ അനുഭവിച്ചറിയാനും ഇവിടുത്തെ ജീവിതരീതികളും ഭക്ഷണശൈലിയും ചരിത്രപ്രാധാന്യവും തിരിച്ചറിയാനും സന്താരി റിസോര്‍ട്‌സ് വേദിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്താരി റിസോര്‍ട്‌സിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പുനഃരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും സോളാര്‍ എനര്‍ജി സ്വയം ഉല്പാദിപ്പിക്കുന്നു. സഞ്ചാരികള്‍ക്കായി ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കര്‍ഷകരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളും നടപ്പിലാക്കിവരുന്നു എന്നതും ശ്രദ്ധേയമാണ്.