ആത്മാർഥ പ്രേമം പൊട്ടിയതിനു ശേഷം കരഞ്ഞ് മെഴുകി ഇരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. ജീവിതത്തിൽ ഒരു പുതിയ അധ്യായം നിങ്ങൾ തുടങ്ങണം. അതിന് ബെസ്റ്റ് ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടത്തുക എന്നതാണ്. ബ്രേക്കപ്പ് കഴിഞ്ഞുള്ള സോളോ ട്രിപ്പ് ഒരു ചെറിയ റീചാർജ് ആയിരിക്കും. ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിനെ കൂടുതൽ അറിയാൻ സാധിക്കും. പുതിയ കാഴ്ചകൾ, സ്വപ്നങ്ങൾ, ചുറ്റുപാട് തുടങ്ങിയവയെല്ലാം മനസ്സിന് കുളിർമയും ഉന്മേഷവും പകരും. അതുകൊണ്ടു തന്നെ അത്തരമൊരു യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുനോക്കാം.
∙ മനസ്സിനിണങ്ങുന്ന സ്ഥലം തിരഞ്ഞെടുക്കുക
ഓരോരുത്തർക്കും വ്യത്യസ്തമാർന്ന ഇഷ്ടങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ചിലർ കടൽത്തീരത്ത് ശാന്തമായി ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റു ചിലർക്ക് മലമുകളിലേക്ക് ഒരു ട്രക്കിങ്ങ് ആയിരിക്കും ഇഷ്ടം. ഒരിക്കലും സമൂഹമാധ്യമങ്ങളിൽ കാണുന്ന ഏതെങ്കിലും ഒരു വിഡിയോയുടെ പിന്നാലെ പോകരുത്. റോഡ് ട്രിപ്പ് ആണ് ഇഷ്ടമെങ്കിൽ അങ്ങനെ പോകുക. ഇനി അതുമല്ല ഏതെങ്കിലും നഗരങ്ങൾ കാണാൻ ആണ് ആഗ്രഹമെങ്കിൽ അവിടേക്ക് പോകുക. വിദേശത്തേക്ക് ആണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുക.
∙ആദ്യത്തെ കുറച്ച് ദിവസം സ്വസ്ഥമാകാം
വിദേശരാജ്യങ്ങളിലേക്കാണ് സോളോ യാത്രയെങ്കിൽ ആദ്യത്തെ കുറച്ച് ദിവസം സ്വസ്ഥമായി വിശ്രമിക്കാൻ ഒരു ഹോസ്റ്റൽ മുറിയോ ഹോട്ടൽ മുറിയോ നേരത്തെ തന്നെ ബുക്ക് ചെയ്യുന്നത് നല്ലതാണ്. കാരണം, അപരിചിതമായ തെരുവിലൂടെ ഭാരമേറിയ ലഗേജുമായി അലഞ്ഞുനടക്കുന്നത് അത്ര സുഖകരമായിരിക്കില്ല. അതുകൊണ്ട് ആദ്യത്തെ ഒന്ന് രണ്ടു ദിവസം സമാധാനത്തോടെ വിശ്രമിച്ച് അടുത്ത ദിവസങ്ങളിലെ യാത്രകളെക്കുറിച്ച് പ്ലാൻ ചെയ്യാവുന്നതാണ്.
∙ഒരു പ്ലാൻ ഉണ്ടായിരിക്കുക, പക്ഷേ ഫ്ലക്സിബിൾ ആയിരിക്കുക
സോളോ ട്രിപ്പ് ആണെങ്കിലും ഒരു സ്ഥലത്തേക്ക് പോകുമ്പോൾ മനസ്സിൽ ഒരു ധാരണ ഉണ്ടായിരിക്കണം. എന്നാൽ, യാത്രയിൽ കടുംപിടുത്തം പാടില്ല. വളരെ ഫ്ലക്സിബിൾ ആയിരിക്കണം യാത്ര. പെട്ടെന്ന് യാത്രാപ്ലാനുകൾ മാറ്റാൻ തോന്നിയാൽ അങ്ങ് മാറ്റിയേക്കണം. എവിടെയൊക്കെയാണ് പോകേണ്ടതെന്നും എന്താണ് കാണേണ്ടതെന്നും ചെയ്യേണ്ടതെന്നും ഒരു പൊതുധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി സൂക്ഷിക്കുക. വഴി മനസ്സിലാക്കാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കാവുന്നതാണ്.
∙ഓവർപാക്ക് ചെയ്യരുത്
യാത്ര പോകുമ്പോൾ പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഓവർപാക്ക് ചെയ്യുക എന്നത്. ഒന്നിൽ കൂടുതൽ ഷൂസുകളും മിക്സ് ആൻഡ് മാച്ച് വസ്ത്രങ്ങളുമായി ഒരു വലിയ ലഗേജ് തന്നെ ഉണ്ടാകും. യാത്രയുടെ പ്രധാനപ്പെട്ട തിയറി എന്നു പറയുന്നത് തന്നെ ‘ലെസ് ലഗേജ്, മോർ കംഫർട്ട്’ എന്നാണ്. അതുകൊണ്ടു തന്നെ ആവശ്യത്തിന് മാത്രമുള്ള വസ്തുക്കൾ എടുക്കുക. വിലപ്പെട്ട സാധനങ്ങൾ സൂക്ഷിക്കാൻ ഒരു ക്രോസ് ബോഡി ബാഗ് കരുതുന്നത് നല്ലതാണ്.
∙സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക, അതിൽ നാണക്കേട് വേണ്ട
നമ്മൾ തനിച്ചാണ് യാത്ര പോകുന്നതെങ്കിലും ഒരുമിച്ച് ആണ് യാത്ര പോകുന്നതെങ്കിലും സുരക്ഷ ഒരു പ്രധാന ഘടകമാണ്. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നും യാത്രാവഴികളെക്കുറിച്ച് വീട്ടിലുള്ള ഒരാളെയെങ്കിലും അറിയിക്കുക. വിശ്വസ്തനായ ഒരു സുഹൃത്തുമായി നിങ്ങൾ പോകുന്ന ലൈവ് ലൊക്കേഷൻ പങ്കുവയ്ക്കുക. മനസ്സ് പറയുന്നത് കേൾക്കുക. ഒരു സ്ഥലം നമുക്ക് അസ്വസ്ഥമായി തോന്നുകയാണെങ്കിൽ മര്യാദയെ കരുതി അവിടെ നിൽക്കേണ്ട കാര്യമില്ല. വിദേശയാത്രയിൽ യാത്രാ ഇൻഷുറൻസ് നിർബന്ധമായും എടുക്കുക. രേഖകളുടെ ഡിജിറ്റൽ കോപ്പികൾ സൂക്ഷിക്കുക.
യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുക. പുതിയ ആളുകളെ പരിചയപ്പെടുക. തനിച്ചിരിക്കുന്നതിന്റെ വിരസത അകറ്റാൻ ഒരു പുസ്തകം കൈയിൽ കരുതുന്നത് നന്നായിരിക്കും. ചിലപ്പോൾ വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടക്കണമെന്നില്ല. ആകെ അസ്വസ്ഥത പുകയുന്ന ദിവസങ്ങൾ ഉണ്ടായേക്കാം. എന്നാൽ, തളരരുത്. തനിച്ച് യാത്ര ചെയ്യുന്നത് നമ്മുടെ ആത്മവിശ്വാസം വളർത്തും, അതിന് കാരണം തനിച്ചുള്ള യാത്രകൾ അൽപം ബുദ്ധിമുട്ടേറിയതാണ് എന്നാതാണ്. യാത്ര പൂർത്തിയാകുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം ആത്മധൈര്യവും സന്തോഷവുമുള്ള വ്യക്തിയായി നിങ്ങൾ മാറും.