കൊച്ചി: ശ്വാസകോശത്തില്‍ ഉണ്ടാകുന്ന ഗുരുതര രോഗങ്ങളായ ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസുകള്‍ അഥവാ ഐ.എല്‍.ഡി. ബാധിച്ചവര്‍ക്ക് നടത്തുന്ന ചികിത്സ വേണ്ട രീതിയില്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബില്‍ഡ് സമ്മേളനം 2025 കൊച്ചിയില്‍ സമാപിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഉള്‍പ്പെടെ 100-ലധികം ആരോഗ്യപ്രവര്‍ത്തകരും, വൈദ്യശാസ്ത്രജ്ഞരും കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശവിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അസ്മിത മേഹ്ത്തയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം, ഇന്റര്‍സ്റ്റിഷ്യല്‍ ലംഗ് ഡിസീസുകള്‍ക്കായുള്ള ചികിത്സയിലും നിര്‍ണയത്തിലുമുള്ള വ്യത്യസ്ത രീതികളും ക്ലിനിക്കല്‍ പരിശീലനങ്ങളും പങ്കുവെച്ചു. ഇന്ത്യയിലെ ആദ്യത്തെ ILD ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രകാശനവും സമ്മേളനത്തില്‍ നടന്നു. രോഗികേന്ദ്രികൃത ചികിത്സാ സമീപനത്തില്‍ പുതിയ തലമുറ പള്‍മനോളജിസ്റ്റുകളെ ഒരുക്കുന്നതിനായുള്ളതാണ് ഈ പദ്ധതി.
സമ്മേളനത്തിന്റെ ഭാഗമായി ഡോ. അസ്മിത മേഹ്ത്ത രചിച്ച ‘ILD MDM – 100 കേസുകള്‍: സംഭാഷണങ്ങള്‍, നിഗമനങ്ങള്‍, അനുഭവങ്ങള്‍” എന്ന പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. രാജ്യത്താകമാനമുള്ള ILD യോഗങ്ങളില്‍ ചര്‍ച്ചയായ കേസുകളും ചികിത്സാരീതികളും ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുണ്ട്.
റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് റസ്പിറേറ്ററി ഫിസിഷ്യനും, ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസറുമായ ഡോ അതോല്‍ വെല്‍സ്, ഇറ്റലിയില്‍നിന്നും പ്രഫ. ക്ലൗഡിയ റവാഗ്ലിയ, ശ്രീലങ്കയില്‍ നിന്നും ഡോ. അമില രത്‌നപാല, ഇന്ത്യയിലെ ഐ.എല്‍.ഡി. വിദഗ്ധാരായ. ഡോ ദീപക് തല്‍വാര്‍, ഡോ. സുജിത് രാജന്‍ എന്നിവരടക്കം നൂറിലധികം വിദഗ്ധരും സമ്മേളനത്തിലും തുടര്‍ന്ന് നടന്ന പ്രഭാഷണങ്ങളിലും, പാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തു.