മഴക്കാലത്ത് വീടിനുള്ളിൽ ഉറുമ്പുകളുടെ ശല്യം കൂടുതലാകാറുണ്ട്. കൂട്ടമായി അകത്തളത്തിൽ ഇടംപിടിക്കുന്ന ഇവയെ നശിപ്പിക്കുക എളുപ്പമല്ല. ഉറുമ്പുകൾ കയറുന്ന ഇടങ്ങളിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. അവയുടെ മണം ഉറുമ്പുകൾക്ക് ഇഷ്ടമല്ല, അതിനാൽ അവ അകന്നുപോകും. കറുവപ്പട്ട പൊടിച്ചിട്ട് ഉറുമ്പുകൾ കാണുന്ന ഇടങ്ങളിൽ വയ്ക്കുക. ഇതിന്റെ മണം അവയെ തുരത്താൻ സഹായിക്കും.
ചോക്കുപൊടി
കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ചോക്കുകൾക്ക് ഉറുമ്പുകളെ തുരത്താൻ പ്രത്യേക കഴിവുണ്ട്. ഉറുമ്പുകളുടെ ഉറവിടങ്ങളിൽ ചോക്കുപൊടി തൂവുകയോ ചോക്ക് ഉപയോഗിച്ച് വരകൾ ഇടുകയോ ചെയ്യുക. ഇതോടെ ഉറുമ്പുകൾ അകത്തേയ്ക്ക് കയറാനാവാതെ താനേ മടങ്ങും.
നാരങ്ങ
ഉറുമ്പുകൾ കയറി വരുന്ന ഇടങ്ങളിൽ നാരങ്ങനീര് ഒഴിക്കുകയോ അവയുടെ തോടുകൾ വയ്ക്കുകയോ ചെയ്യുക. നാരങ്ങയുടെ ഗന്ധം മറികടക്കാനാവാത്തത് മൂലം ഉറുമ്പുകൾ അകലും. അല്പം വെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച ശേഷം ഇത് ഉപയോഗിച്ച് തറ തുടയ്ക്കുന്നതും ഉറുമ്പുകളെ തുരത്താൻ ഗുണകരമാണ്.
ഓറഞ്ച്
ഓറഞ്ചിന്റെ തൊലി ചെറുചൂടുവെള്ളം ഒഴിച്ച് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറുമ്പ് കയറുന്ന ഇടങ്ങളിൽ ഇത് അല്പനേരം തേച്ചുവച്ച ശേഷം തുടച്ചുകളയാം. അടുക്കളയിലെ സ്ലാബുകളിലോ ഉറുമ്പുകൾ വരാൻ സാധ്യതയുള്ള മറ്റിടങ്ങളിലോ ഓറഞ്ചിന്റെ തൊലി വെറുതെ വയ്ക്കുന്നതും അവയെ അകറ്റി നിർത്താൻ സഹായകമാണ്.
കുരുമുളക്
മധുരം ഇഷ്ടപ്പെടുന്ന ഉറുമ്പുകൾക്ക് പക്ഷേ എരിവ്, പുളി, കയിപ്പ് തുടങ്ങിയ രുചികൾ തീരെ ഇഷ്ടമല്ല. ഇവയെ കാണുന്ന ഇടങ്ങളിൽ അല്പം കുരുമുളകുപൊടി തൂവിയാൽ അവ സ്ഥലം വിടും. കുരുമുളക് പൊടിയായി തൂവുന്നത് ബുദ്ധിമുട്ടാണെങ്കിൽ കുരുമുളക് ചതച്ചതോ കുരുമുളക് പൊടിയോ വെള്ളത്തിൽ കലർത്തിയ ശേഷം സ്പ്രേ ചെയ്താലും മതിയാകും. ഉറുമ്പുകളെ കൊല്ലാതെ അവയുടെ ശല്യം ഒഴിവാക്കാനുള്ള എളുപ്പ മാർഗ്ഗമാണിത്.
ഉപ്പ്
കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഉറുമ്പുകളെ തുരത്താൻ ഏറ്റവും സഹായകമായ ഒന്നാണ് ഉപ്പ്. ഇതിനായി പൊടിയുപ്പ് തന്നെ ഉപയോഗിക്കുക. ആദ്യം അല്പം വെള്ളം നന്നായി തിളപ്പിച്ച ശേഷം ഏറെ പൊടിയുപ്പെടുത്ത് അത് വെള്ളത്തിൽ അലിയിച്ചു ചേർക്കുക. ഈ ലായനി ഉറുമ്പുകൾ അധികമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ അവ സ്ഥലം വിടും.
വിനാഗിരി
വിനാഗിരിയുടെ മണത്തിനെ ചെറുത്തുനിൽക്കാൻ ഉറുമ്പുകൾക്ക് സാധിക്കില്ല. അവയെ തുരത്താനായി വെള്ളവും വിനാഗിരിയും തുല്യ അളവിൽ എടുത്ത് കലർത്തിയ ശേഷം അതിലേയ്ക്ക് ഏതാനും തുള്ളി സുഗന്ധതൈലം കൂടി ചേർക്കുക. ഈ മിശ്രിതം ജനാലപ്പടികളിലും കതകുകൾക്കിടയിലെ വിടവുകളിലുമൊക്കെ സ്പ്രേ ചെയ്തുകൊടുക്കാം. അകത്തേക്ക് കയറാൻ ശ്രമിക്കുന്ന ഉറുമ്പുകൾ ഇതിന്റെ ഗന്ധമേറ്റ് താനേ പിൻവാങ്ങും.