Travel

തമിഴ്‌നാട്ടിലെ ‘ആയിരം ക്ഷേത്രങ്ങളുടെ നഗരം’ കാണാൻ പോകാം…

ചരിത്രം, സംസ്കാരം എന്നിവയുടെ സമ്പന്നമായ സമന്വയം തമിഴ്നാട്ടിലെ ഒരു പുരാതന നഗരമാണ് കാഞ്ചിപുരം. അവിടുത്തെ പ്രധാന ചരിത്രനഗരമാണ് ‘ആയിരം ക്ഷേത്രങ്ങളുടെ നഗരം’. ഈ നഗരം ഹിന്ദുമതത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ശിവ-വിഷ്ണു ആരാധന, പ്രസിദ്ധമായ സിൽക്ക് സാരികൾ, പല്ലവ വാസ്തുവിദ്യ, എന്നിവയാൽ പ്രശസ്തമാണ് ഇവിടം.

മനോഹരമായ ക്ഷേത്രങ്ങളും ക്ഷേത്രവാസ്തുവിദ്യയും എല്ലാം ചേരുമ്പോൾ കാഞ്ചിപുരത്തിന് ഈ പേരല്ലാതെ മറ്റൊരു പേരു പോലും ആലോചിക്കാൻ കഴിയില്ല. ഒരു കാലത്ത് പല്ലവ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കാഞ്ചിപുരം. ആത്മീയമായ കാഞ്ചിപുരത്തിന്റെ പ്രസക്തിയും സാംസ്കാരിക വൈവിധ്യവുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

രാജ്യത്തെ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ആത്മീയമായ പ്രാധാന്യത്തിന് ഒപ്പം തന്നെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം ഈ നാടിനുണ്ട്. ഏഴ് ‘മോക്ഷ – പുരി’കളിൽ ഒന്നായാണ് കാഞ്ചിപുരം കണക്കാക്കപ്പെടുന്നത്. ജീവിതവും മരണവും അവസാനിപ്പിച്ച് നിർവാണം പ്രാപിക്കുന്നതിനെയാണ് മോക്ഷ എന്നു പറയുന്നത്. കാഞ്ചിപുരം അത്തരത്തിൽ ഭക്തർക്കു പാപമോചനം നൽകുന്ന ഇടമാണ്.

ഏകദേശം രണ്ടായിരം വർഷങ്ങളുടെ ചരിത്രമാണ് കാഞ്ചിപുരത്തിന് ഉള്ളത്. നാലാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടു വരെ ഭരിച്ചിരുന്ന പല്ലവ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ആ കാലത്ത് കാഞ്ചിപുരം. കലയിലും ചരിത്രത്തിലും വാസ്തുവിദ്യയിലും സാഹിത്യത്തിലുമെല്ലാം അക്കാലത്ത് മികച്ചു നിന്നിരുന്നു. അതിനു ശേഷം അധികാരത്തിൽ എത്തിയ ചോള, വിജയനഗര സാമ്രാജ്യം, നായക്സ് എന്നിവയെല്ലാം നഗരത്തിന്റെ ആത്മീയവും വാസ്തുവിദ്യാപരവുമായ മേഖലകളിൽ സംഭാവന ചെയ്തു.

നൂറ്റാണ്ടുകളിലൂടെയാണ് കാഞ്ചിപുരം വികസിച്ചത്. ആത്മീയത, മതം, സംസ്കാരം എന്നിവയുടെ പ്രധാനപ്പെട്ട കേന്ദ്രമായി കാഞ്ചിപുരം മാറി. ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ നഗരങ്ങളിൽ ഒന്നാണ് ഇത്. ആത്മീയ തീർഥാടനത്തിന്റെ മാത്രമല്ല ചരിത്രത്തിന്റെയും ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യയുടെയും ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഇത്.

  • ഏകാംബരേശ്വർ ക്ഷേത്രം

ഭഗവാൻ ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഏകാംബരേശ്വർ ക്ഷേത്രം. പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നായ ഭൂമിയെ പ്രതിനിധീകരിക്കുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രം ഏകദേശം 25 ഏക്കറോളം പരന്നു കിടക്കുന്നു. ദക്ഷിണേന്ത്യയിലെ വലിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. 59 മീറ്റർ ഉയരമുള്ള ഗോപുരമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്.

  • കാമാക്ഷി അമ്മൻ ക്ഷേത്രം

കാമാക്ഷി ദേവിക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് ഇത്. പാർവതിയുടെ മറ്റൊരു രൂപമാണ് കാമാക്ഷി അമ്മ. ദേവിയുടെ മൂന്ന് പുണ്യ വാസസ്ഥലങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നത്. വാരണാസിയും മധുരയുമാണ് മറ്റ് രണ്ട് ഇടങ്ങൾ.

വരദരാജ പെരുമാൾ ക്ഷേത്രം, കൈലാസനാഥർ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 108 ദിവ്യ ദേശങ്ങളുടെ ആസ്ഥാനമാണ് വരജരാജ പെരുമാൾ ക്ഷേത്രം. പല്ലവ രാജാവായ രാജസിംഹ എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് കൈലാസനാഥർ ക്ഷേത്രം. കാഞ്ചിപുരത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആത്മീയതയ്ക്ക് അപ്പുറം കാഞ്ചിപുരം സിൽക്ക് സാരിക്ക് പ്രശസ്തമാണ് ഇവിടം. നിരവധി നെയ്ത്തുശാലകളും ഈ നാട്ടിലുണ്ട്.