Health

എന്താണ് കിഡ്‌നി സ്‌റ്റോണ്‍? ലക്ഷണങ്ങള്‍ എന്തൊക്കെ?

കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തുമ്പോഴാണ് പലര്‍ക്കും വൃക്കയില്‍ കല്ലുണ്ടെന്ന് തിരിച്ചറിയുന്നത്. മുതിര്‍ന്നവരിലും ചെറുപ്പക്കാരിലുമെല്ലാം ഒരുപോലെ കാണപ്പെടുന്ന രോഗമാണ് വൃക്കയിലെ കല്ല്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന വൃക്കകളിലുണ്ടാകുന്ന ഏതൊരു ചെറിയ
പ്രശ്നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അല്ലെങ്കില്‍ വൃക്കകളുടെ
പ്രവര്‍ത്തനത്തകരാറിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും അത് വഴിയൊരുക്കും.

വൃക്കയിലെ കല്ലുകള്‍?

ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച്
ബാക്കിയുള്ളത് വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികള്‍ വൃക്കയില്‍ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകള്‍ കൂടുതല്‍ എണ്ണം ഒന്നിച്ച് ചേര്‍ന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. ഇവ വൃക്കകളില്‍ രൂപപ്പെട്ട്  മൂത്രത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകള്‍ എന്ന് പൊതുവേ പറയുന്നത്.

ലക്ഷണങ്ങള്‍……

അതികഠിനമായ വേദന, മൂത്രതടസം, ഛര്‍ദി, മൂത്രത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

പെട്ടെന്ന് പിന്‍ ഭാഗത്ത് വാരിയെല്ലുകളുടെ താഴെ നിന്ന് അടിവയറ്റിലേക്ക് വേദന പടര്‍ന്ന് കയറും. മൂത്രത്തിന്റെ അളവ് കുറയല്‍, കല്ല് മൂത്രവാഹിനിക്കുഴലിലും മറ്റും ഉരയുന്നതുമൂലം മുറിവുണ്ടാകുമ്പോള്‍ മൂത്രത്തില്‍ രക്തം കലരുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

മൂത്രത്തില്‍ രക്തം കലരുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്. മൂത്രാണുബാധയ്ക്കും അപൂര്‍വമായി വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനും കല്ലുകള്‍ കാരണമാകാറുണ്ട്.

കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായി അണുബാധയായി മാറിയാല്‍ പനിയും വിറയലുമൊക്കെ ഉണ്ടാകാം.

കല്ലിന്റെ വലുപ്പം, ആകൃതി, കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയ്ക്കനുസരിച്ച് ലക്ഷണങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാറുണ്ട്.