ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം പുതിയ ഫ്‌ളാഗ്ഷിപ്പ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) അവതരിപ്പിച്ചു. ‘സര്‍വം-എം’ എന്നാണ് ഈ എഐ മോഡലിന് നൽകിയിരിക്കുന്ന പേര്. 2400 കോടി പാരാമീറ്റര്‍ ഓപ്പണ്‍ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണിത്. ഗണിതം, പ്രോഗ്രാമിങ് കഴിവുകള്‍ ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് ‘സര്‍വം-എം’ പുറത്തിറക്കിയിരിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനാവുമെന്നാണ് സര്‍വം അവകാശപ്പെടുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, മറാത്തി, ഒഡിയ, തമിഴ്, ബംഗാളി, തെലുങ്ക്, കന്നട, ഗുജറാത്തി എന്നീ 11 ഭാഷകള്‍ മനസിലാക്കാനും സംസാരിക്കാനും സര്‍വം-എം എഐക്ക് സാധിക്കും. ഉപഭോക്താവിന്റെ ശബ്ദവും എഐ മോഡലിന് നല്‍കാം.
സംഭാഷണം നടത്താന്‍ കഴിവുള്ള എഐ, മെഷീന്‍ ട്രാന്‍സ്ലേഷന്‍, വിദ്യാഭ്യാസ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍വം-എം ഉപയോഗിക്കാനാവും. ഓപ്പണ്‍ സോഴ്‌സ് മോഡലാണിത്. മിക്ക ബെഞ്ച് മാര്‍ക്കുകളിലും മെറ്റയുടെ ലാമ-4 സ്‌കൗട്ടിനെ മറികടക്കുന്ന പ്രകടനം സര്‍വം-എം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാമ 3.3 70ബി, ജെമ്മ 3 27ബി എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ എംഎംല്‍യു പോലുള്ള ഇംഗ്ലീഷ് പരിജ്ഞാന ബെഞ്ച് മാര്‍ക്കുകളില്‍ സര്‍വം-എം പിന്നിലാണ്.