തമിഴ്‌നാട്ടില്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലാ കളക്ടറുടെ ഓഫീസിനുളളിലാണ് ഇരുപത്തിയൊന്‍പതുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മയിലാടുതുറെ ജില്ലയിലെ മണക്കുടി സ്വദേശിനിയായ അഭിനയയാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ആംഡ് റിസര്‍വ് ഉദ്യോഗസ്ഥയാണ് അഭിനയ. ശനിയാഴ്ച്ച വൈകുന്നേരമാണ് കളക്ടറേറ്റില്‍ നൈറ്റ് ഡ്യൂട്ടിക്കായി അഭിനയ റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം ഒരു വനിതാ കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു.
ഞായറാഴ്ച്ച രാവിലെ ആറുമണിയോടെ കളക്ടറേറ്റ് പരിസരത്ത് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു കോണ്‍സ്റ്റബിള്‍ എത്തിയപ്പോള്‍ കഴുത്തിന്റെ ഇടതുവശത്ത് വെടിയേറ്റ് രക്തം വാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലാണ് അഭിനയയെ കണ്ടത്. ആംഡ് റിസര്‍വ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെയുളള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. അഭിനയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി നാഗപട്ടണം ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല.
STORY HIGHLIGHT : Woman armed guard found shot dead in tamilnadu collector office nagapattanam