തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുംദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 30 വരെയുള്ള ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ട്.
ഇന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ 30 വരെ മത്സ്യബന്ധനം പാടില്ല. തിങ്കളാഴ്ച ലഭിച്ച അതിശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.