മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. പിതാവ് ആര്യാടൻ മുഹമ്മദിൻറെ ഖബർ സന്ദർശിച്ചതിന് ശേഷമാകും ആര്യാടൻ ഷൗക്കത്ത് പാണക്കാടേക്ക് തിരിക്കുക. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും ആര്യാടൻ ഷൗക്കത്ത് സന്ദർശിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ഇനി യുഡിഎഫ് നീക്കം. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കൺവെൻഷൻ നിലമ്പൂരിൽ നടക്കും. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.
അതേസമയം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉൾപ്പെടെയുള്ള പേരുകൾ പരിഗണിക്കും. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തോടെ യുഡിഎഫിൽ ഉണ്ടായ പ്രശ്നങ്ങൾ കൂടി മുതലെടുക്കാൻ തക്ക സ്ഥാനാർഥി വേണമെന്ന് അഭിപ്രായവും പാർട്ടിയിലുണ്ട്. നിലമ്പൂർ മണ്ഡലം കമ്മിറ്റി ഇന്ന് ചേർന്ന് അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്.