തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.
അതേസമയം കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. കണ്ടെയ്നറിലെ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. ചുങ്കം അടച്ച് കമ്പനികൾക്ക് കണ്ടെയ്നറുകൾ ഏറ്റെടുക്കാം. അല്ലെങ്കിൽ സാധനങ്ങൾ കണ്ടുകെട്ടാനാണ് കസ്റ്റംസ് നീക്കം. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.