കൊച്ചി: മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഇൻഫോപാർക്ക് പോലീസ്. മാനേജർ ബിപിൻ കുമാർ നൽകിയ പരാതിയിലാണ് നടപടി. വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്നലെ കേസെടുത്തത്.