കശ്മീർ, ഭീകരവാദം, ജല പങ്കിടൽ, വ്യാപാരം എന്നിവയുൾപ്പെടെ രണ്ട് അയൽ രാജ്യങ്ങൾക്കിടയിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തി കടന്നുള്ള വെടിവയ്പ്പ് നിർത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഷെരീഫിന്റെ പ്രസ്താവന. തന്റെ നാല് രാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിനിടെ ടെഹ്‌റാനിൽ വെച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
“കശ്മീർ പ്രശ്‌നവും ജലപ്രശ്നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരം, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയിൽ അയൽക്കാരനുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം ഇന്ത്യ നടത്തിയ കൃത്യമായ സൈനിക ആക്രമണങ്ങളെത്തുടർന്ന്, ഇന്ത്യയുമായി ചർച്ചകളിൽ ഏർപ്പെടാൻ പാകിസ്ഥാൻ വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. എന്നിരുന്നാലും, പാകിസ്ഥാനുമായുള്ള ഏത് സംഭാഷണവും പാക് അധിനിവേശ കശ്മീരിന്റെ തിരിച്ചുവരവിലും ഭീകരവാദ വിഷയത്തിലും മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.