അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നു.വർക്കല മാന്ത ക്ഷേത്രത്തിന് സമീപത്തും പാപനാശം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞത് ആശങ്കയുണ്ടാക്കുന്നു.മാന്തറയിൽ ഒഴിഞ്ഞ കണ്ടെയ്‌നറുകളാണെങ്കിൽ പാപനാശത്ത് ബലിമണ്ഡപത്തിനോട് ചേർന്ന് അടിഞ്ഞ കണ്ടെയ്‌നറുകൾ തുറന്ന നിലയിൽ ചാക്ക് കെട്ടുകൾ പുറത്തേക്ക് വീണ അവസ്ഥയിലാണ് കാണപ്പെട്ടത്. ഇന്നലെ രാത്രിയാണ് കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞത്. തീരത്ത് കാണാൻ ഉപ്പു പോലുള്ള പദാർഥങ്ങൾ വ്യാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.
രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടൽത്തീരത്തെക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ കസ്റ്റംസിൻ്റെ ചുമതലയിലാണ്. ഇത് കൊല്ലം തുറമുഖത്തേക്കാകും ആദ്യം മാറ്റുക. തീരത്തടിയുന്ന കണ്ടെയ്‌നറുകളിൽ നിന്നും കുറഞ്ഞത് 200 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശം. അതേസമയം, വർക്കല പാപനാശം തീരത്ത് ബലിതർപ്പണത്തിന് വലിയ ജനക്കൂട്ടമാണുള്ളതെന്ന് പൊലീസ് പറയുന്നു. തിരക്കിനിടയിൽ ജനങ്ങൾ കണ്ടെയ്‌നറിന് സമീപത്തേക്ക് പോകാതിരിക്കാൻ കോസ്റ്റൽ പൊലീസിൻ്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് അനൗൺസ്മെൻ്റുകൾ തുടരുകയാണ്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി തീരങ്ങളിൽ കണ്ടെയ്‌നറിൽ നിന്നുള്ള ചരക്കുകൾ ഒഴുകി നടക്കുന്നതായും കോസ്റ്റൽ പോലീസ് വ്യക്തമാക്കി.
250 ടണ്ണോളം കാൽസ്യം കാർബൈഡ് ഉൾപ്പെട്ട 12 കണ്ടെയ്‌നറുകളായിരുന്നു കൊച്ചി പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന കപ്പലിലുണ്ടായിരുന്നത്.