hospital

മാവോയിസ്റ്റുകൾ കൊള്ളയടിച്ച X-95 റൈഫിളുകള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്ത് സുരക്ഷാ സേന

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാവോയിസ്‌റ്റുകള്‍ തട്ടിയെടുത്ത ഐഡബ്ല്യുഐ ടാവര്‍ എക്‌സ് 95 റൈഫിളുകള്‍ വീണ്ടെടുത്ത് സുരക്ഷ സേന. ഇന്നെല പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നാണ് ഇസ്രായേല്‍ നിര്‍മിതമായ രണ്ട് റൈഫിളുകള്‍ സുരക്ഷാസേന തിരിച്ചെടുത്തത്. ഇതു കൂടാതെ നിരവധി വെടിക്കോപ്പുകളും ഇവിടെനിന്ന് കണ്ടെടുത്തതായി പലാമു ഐജി സുനിൽ ഭാസ്‌കർ പറ‍ഞ്ഞു

ലെതര്‍ഹട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദൗണ വനങ്ങളിലാണ് മാവോയിസ്‌റ്റുകളും സുരക്ഷ സേനയും തമ്മില്‍ വെടിവയ്‌പ്പ് ഉണ്ടായത്. തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മനീഷ് യാദവ് എന്നയാള്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ സോണല്‍ കമാന്‍ഡര്‍ കുന്ദന്‍ സിങ് ഖര്‍വാര്‍ എന്നായാളെ അറസ്റ്റ് ചെയ്‌തതായും പൊലീസ് വ്യക്തമാക്കി. ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്.

അതേസമയം 2013-ല്‍ പലാമു ഡിവിഷനിലെ ചരായിയിലെ ഭുര്‍ല പഹാഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെയാണ് സിആര്‍പിഎഫ്‌ സൈനികരില്‍ നിന്ന് മാവോയിസ്‌റ്റുകള്‍ തോക്കുകള്‍ തട്ടിയെടുത്തത്.

2013 ജനുവരി 7ന് ബര്‍വാഡി പൊലീസ് സ്‌റ്റേഷന്‍ പ്രദേശത്ത് നിരോധിത സംഘടനയായ സിപിഐ മാവോയിസ്‌റ്റ് പ്രവര്‍ത്തകര്‍ സുരക്ഷ സേനയെ ആക്രമിക്കുകയായിരുന്നു. സിആര്‍പിഎഫിലെയും ജാര്‍ണ്ഡ് ജാഗ്വാറിലെയും (നക്‌സലൈറ്റ് കലാപത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക സൈനിക യൂണിറ്റ്) 17 സൈനികരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകള്‍ ആയുധം കവര്‍ന്നത്.

അറസ്റ്റിലായ കുന്ദൻ ഖർവാറും കൊല്ലപ്പെട്ട മനീഷ് യാദവും ഈ ആക്രമണം നടത്തിയ സംഘത്തിൻ്റെ ഭാഗമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Latest News