ഒരുകാലത്ത് ഏറെ ജനകീയമായിരുന്ന ലേണിംങ് ആപ്പായിരുന്നു ബൈജൂസ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. കടക്കെണിയും സാമ്പത്തീക പ്രതിസന്ധിയുമായി ബൈജൂസ് വാർത്തകളിൽ നിറയുന്നു. ഇപ്പോഴിതാ ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്. ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ബൈജൂസിന്റെ ലേണിംഗ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജൂസിന്റെ ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്‍ഡ് ലേണിന്റെ മറ്റ് ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുണ്ട്. ബൈജൂസിന്റെ പ്രീമിയം ലേണിംഗ് ആപ്പും, ബൈജൂസിന്റെ എക്‌സാം പ്രെപ്പ് ആപ്പും പ്രവര്‍ത്തക്ഷമമായി തുടരുന്നതില്‍ ഉള്‍പ്പെടുന്നു. ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് പണം നല്‍കാത്തതിനാല്‍ ആണ് ബൈജൂസിന്റെ ലേണിംഗ് ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.
കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ബൈജൂസിന്റെ പേയ്മെന്റുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിലവില്‍ കൈകാര്യം ചെയ്യുന്നത് ഒരു ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രൊഫഷണലാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു പുറത്താക്കപ്പെട്ടെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ബൈജൂസ് ആപ്പ് ഇപ്പോഴും ലഭ്യമാണ്.
4 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയും, 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ സാമൂഹിക പഠനവുമാണ് ബൈജൂസിന്റെ ലേണിംഗ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജെഇഇ, നീറ്റ്, ഐഎഎസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് പിന്തുണയും ഈ ആപ്പ് നല്‍കുന്നു.
നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ബൈജൂസിനെതിരെ ഇതോടകം പാപ്പരത്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിക്കു വായ്പ നല്‍കിയ അംഗീകൃത ഏജന്‍സിയായ ഗ്ലാസ് ട്രസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ കക്ഷികളുടെ പരാതിയെ തുടര്‍ന്നാണിത്. 2011 ല്‍ ഭാര്യ ദിവ്യ ഗോകുല്‍നാഥിനൊപ്പമാണ് മലയളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് സ്ഥാപിച്ചത്. സഹോദരനുമായ റിജു രവീന്ദ്രനും ബൈജൂസില്‍ ഗണ്യമായ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.
അതിവേഗമായരുന്നു ബൈജൂസിന്റെ വളർച്ച. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കമ്പനിയ്ക്ക് പക്ഷെ അടിതെറ്റി. അച്ചടക്കമില്ലാത്ത ചെലവഴിക്കല്‍, വിപണികളിലെ കടുത്ത മത്സരം എന്നിവ കമ്പനിക്കു തിരിച്ചടിയാകുകയായിരുന്നു.