Kerala

ദേശീയപാത നിർമ്മാണത്തിൽ വീഴ്ച; മേഘ കൺസ്ട്രക്ഷൻസിനെതിരെ കടുത്ത നടപടി!!

ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെതിരെ കാസർകോട് ജില്ല ഭരണകൂടം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ അവഗണിച്ചതിനെ തുടർന്നാണ് ഈ നടപടി.

ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇന്ന് രാവിലെ 10 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് കലക്ടർ ഇമ്പശേഖർ മേഘ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കമ്പനി ഇത് വരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഇന്നലെ മന്ത്രി എകെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലതല അവലോകന യോഗത്തിലാണ് കലക്ടർ റിപ്പോർട്ട് തേടാൻ തീരുമാനിച്ചത്. ആവശ്യമെങ്കിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളാണ് മേഘ കൺസ്ട്രക്ഷൻ കമ്പനി ചെയ്യുന്നത്. മണ്ണിടിച്ചിൽ ഭീതിയുള്ള വീരമലകുന്ന്, മട്ടലായി എന്നിവ ഈ റീച്ചുകളിലാണ്. കഴിഞ്ഞ ദിവസം മട്ടലായിൽ മണ്ണിടിഞ്ഞ് ഒരു അതിഥി തൊഴിലാളി മരിച്ചിരുന്നു. വീരമലകുന്നിൽ അശാസ്ത്രീയമായി മണ്ണെടുത്തതായും ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിലാണ് കുന്ന് ഉള്ളതെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കലക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുന്നത്.