TMC നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം. അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന് എന്നിവര്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്.
കൂടിക്കാഴ്ചയുടെ കാര്യം പാര്‍ട്ടിക്കറിയാമെന്ന് പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമുള്ള കൂടിക്കാഴ്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദ സന്ദര്‍ശനമാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. നേരത്തെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുവെന്നായിരുന്നു അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. പിന്നാലെയാണിപ്പോള്‍ അന്‍വറിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയിരിക്കുന്നത്.
അന്‍വറിനെ ഒപ്പം കൂട്ടുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചിരുന്നു. അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മലപ്പുറം ജില്ലയില്‍ പുതിയൊരു മാനം സൃഷ്ടിക്കുമെന്നും കെ സുധാകരന് പറഞ്ഞു.