മിനിസ്ക്രീനിൽ നിന്നും വളർന്ന് ബിഗ് സ്ക്രീനിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത താരമാണ് സ്വാസിക വിജയ്. സ്വന്തം കഴിവുകൊണ്ടും കഠിനപ്രയത്നം കൊണ്ടും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടികൂടിയാണ് സ്വാസിക. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്ക് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു നടൻ പ്രേം ജേക്കബ്ബുമായി സ്വാസിക വിവാഹിതയായത്. ഇപ്പോഴിതാ കുട്ടികളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ഫാമിലി പ്ലാനിങ്ങിനെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് സ്വാസിക.
കരിയറും കുടുംബജീവിതവും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്ന സ്ത്രീകളെ തനിക്കു വലിയ ഇഷ്ടമാണെന്നും അങ്ങനെയാകണം എന്നാണ് തന്റെ ആഗ്രഹം എന്നും സ്വാസിക പറഞ്ഞു. ഭാവിയിൽ തന്റെ മക്കൾക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം പാചകം ചെയ്തു കൊടുക്കണം എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അമ്മയാകുക എന്നത് തനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേർച്ചു.
”ജോലിയും കുടുംബ ജീവിതവും നന്നായിട്ട് മാനേജ് ചെയ്യാൻ പറ്റണം. വലിയ പൊസിഷനിലിരിക്കുന്ന, അങ്ങനെയുള്ള ഒരുപാട് സ്ത്രീകളെ എനിക്ക് അറിയാം. ഭർത്താവിനും മക്കൾക്കും ഇഷ്ടപ്പെട്ട സാധനങ്ങൾ പാചകം ചെയ്തു കൊടുത്തും വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന സ്ത്രീകളുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് അങ്ങനെ ആകാനാണ്. ചിലരൊക്കെ അമ്മമാരുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറുണ്ട്. ഒരു പത്തു വർഷം കഴിയുമ്പോൾ അങ്ങനെയുള്ള അമ്മമാരെക്കുറിച്ച് ആരെങ്കിലും പറയുമോ എന്നറിയില്ല. ഞാൻ ജോലി ചെയ്യുന്ന അമ്മയായത് കൊണ്ട് ഇതിനൊക്കെയുള്ള സമയമില്ലെന്നാണ് പലരും പറയുന്നത്. അമ്മയുടെ രുചി എന്നൊക്കെ അപ്പോ പറയാൻ നമുക്ക് പറ്റുമോ എന്നറിയില്ല.
എന്റെ മക്കൾക്ക് ഞാൻ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം എന്നാണ് ആഗ്രഹം. എനിക്ക് നന്നായി കുക്ക് ചെയ്യാൻ പറ്റുമോ എന്നറിയില്ല. എന്റെ ആഗ്രഹമാണത്. ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് കല്യാണത്തിന് മുമ്പേ ഞങ്ങൾ സംസാരിച്ചതാണെന്നും താരം പറയുന്നു. അമ്മയാകുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേയുള്ളൂ. ചിലപ്പോൾ അടുത്ത വർഷമൊക്കെ ഉണ്ടാകുമായിരിക്കാം”, സ്വാസിക പറഞ്ഞു.
















