കോഴിക്കോട്: താമരശ്ശേരിയിൽ കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടലിന്റെ ചില്ല് വയോധികന്‍ തകർത്തു. അമ്പായത്തോട് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന റഹ്‌മാനിയ ഹോട്ടലില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം ഉണ്ടായത്. കണ്ണൂര്‍ സ്വദേശിയായ ജോസാണ് അക്രമി. ഇയാൾ കടയിൽ നിന്നും രണ്ട് പൂരി കഴിച്ച ശേഷം നല്‍കിയത് പാതി പണം മാത്രമാണ് മുഴുവൻ ആവശ്യപ്പെട്ടപ്പോള്‍ ആണ് ഇയാൾ ഹോട്ടലിന്റെ ചില്ല് തകർത്തത്.
പൂരി കഴിച്ച ഇദ്ദേഹം പകുതി പണം മാത്രം നല്‍കി ഹോട്ടലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഈ സമയം ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇസ്മയില്‍ എന്ന ജീവനക്കാരന്‍ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ജോസ് ജീവനക്കാരെ അസഭ്യം വിളിക്കുകയും പുറത്തുപോയി സോഡ കുപ്പിയുമായി എത്തി ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഹോട്ടലിലെ ചില്ല് തകര്‍ത്ത ശേഷം സമീപത്തെ മുറുക്കാന്‍ കടയില്‍ കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തിയതായും സമീപത്തെ മറ്റൊരു ഹോട്ടലില്‍ കയറി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ ഏറെ നാളായി അമ്പായത്തോടും പരിസരപ്രദേശങ്ങളിലും സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.